stalin-election-tn
  • കൊളത്തൂര്‍ വഴി നിയമസഭയിലേക്കുള്ള റീഎന്‍ട്രിക്ക് M.K. സ്റ്റാലിന്‍ ടിക്കറ്റെടുക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്

ടിവികെ എംഎല്‍എ വി.എസ്. ബാബുവിന്‍റെ മരണത്തോടെ കൊളത്തൂര്‍ ഉപതിരഞ്ഞെടുപ്പ് വിഷയം ചര്‍ച്ചയാകുകയാണ് തമിഴ്‌നാട്ടില്‍. കൊളത്തൂര്‍ വഴി നിയമസഭയിലേക്കുള്ള റീഎന്‍ട്രിക്ക് എം.കെ. സ്റ്റാലിന്‍ ടിക്കറ്റെടുക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്.  മല്‍സരിക്കാന്‍ സ്റ്റാലിന് മേല്‍ പാര്‍ട്ടിയില്‍നിന്ന് സമ്മര്‍ദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  

കൊളത്തൂരില്‍ എം.കെ. സ്റ്റാലിനെന്ന വന്‍മരത്തെ കടപുഴക്കി ടിവികെയുടെ മഹാവിജയത്തിന്റെ നെടുംതൂണായി മാറിയ വി.എസ്. ബാബുവിന്റെ അപ്രതീക്ഷിത വിയോഗം  പുതിയ വെല്ലുവിളിയാണ് ടിവികെയ്ക്ക്.  കൊളത്തൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ അഭിമാന പോരാട്ടമാണ് ഇരു മുന്നണികള്‍ക്കും. മുന്‍ ഡിഎംകെക്കാരന്‍ കൂടിയായിരുന്ന വി.എസ്. ബാബുവിന്റെ വ്യക്തിപ്രഭാവവും വിജയ് തരംഗവും അലയടിച്ചപ്പോള്‍ സ്റ്റാലിനെ നിയമസഭയ്ക്ക് പുറത്തിരുത്താന്‍ ടിവികെയ്ക്ക്  കഴിഞ്ഞു. 

ഇനി രണ്ടാമങ്കത്തിന് സ്റ്റാലിനിറങ്ങിയാല്‍ എങ്ങനെ പിടിച്ചുകെട്ടുമെന്ന ആശങ്ക ടിവികെയ്ക്കുണ്ട്. അതേസമയം  അച്ഛനെ വീട്ടിലിരുത്തിയെന്ന് പരിഹസിക്കുന്ന മുഖ്യമന്ത്രി വിജയ്ക്ക് മറുപടി നല്‍കാനുള്ള അവസരമാണ് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനു തുറന്നുകിട്ടുന്നത്.  നിയമസഭയില്‍  സ്റ്റാലിനില്ലാത്തതിന്‍റെ കുറവ്  നന്നായി തിരിച്ചറിഞ്ഞ ഡിഎംകെ,  നേതാവിനെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്നാണ് സൂചന.  ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സ്റ്റാലിന്  മേല്‍ പാര്‍ട്ടി സമ്മര്‍ദം ചെലുത്തി തുടങ്ങിയെന്നാണ് വിവരം.  

മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമോയെന്ന ഭയവും ഡിഎംകെയ്ക്കുണ്ട്. ഉപതിരഞ്ഞെടുപ്പിലും സ്റ്റാലിന് തോല്‍വിയുണ്ടായാല്‍ കനത്ത പ്രഹരമാകുമെന്ന് ഡിഎംകെയ്ക്ക് അറിയാം.  സ്ഥാനാര്‍ഥിത്വം  തീരുമാനിക്കേണ്ടത് സ്റ്റാലിനാണെന്നാണ് ഡിഎംകെ വൃത്തങ്ങളുടെ പ്രതികരണം. കൊളത്തൂരടക്കം ആറു മണ്ഡലങ്ങളിലാണ് ഇനി ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്.