Nadi: Commuters make their way amid heavy rain in the wake of Cyclone Akvan, in Nadia, Thursday, Nov. 19, 2026. (PTI Photo) (PTI11_19_2026_000139B)
'അക്വാൻ' ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ, ഒഡീഷയിലെ ആറ് ജില്ലകളിലെ സ്കൂളുകളും കോളജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും നവംബർ 19 മുതൽ 21 വരെ അടച്ചിടും. വിദ്യാർത്ഥികളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് തീരുമാനം.
ഗഞ്ചം, ഗജപതി, പുരി, ജഗത്സിംഗ്പൂർ, കേന്ദ്രപാറ, കന്ധമാൽ എന്നീ ജില്ലകളിലെ സർക്കാർ, സർക്കാർ എയ്ഡഡ്, സ്വകാര്യ സ്കൂളുകളും അങ്കണവാടികളും ഈ ദിവസങ്ങളിൽ അടച്ചിടാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ അവധി നവംബർ 21-ന് ശേഷവും നീട്ടിയേക്കാം. അതത് ജില്ലകളിലെ കലക്ടര്മാര് പ്രാദേശിക സാഹചര്യം വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനമെടുക്കും. പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് അവധി നീട്ടണോ വേണ്ടയോ എന്ന് കലക്ടർമാർ തീരുമാനിക്കുമെന്ന് ഒഡീഷ സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മറ്റ് ജില്ലകളിലെ കലക്ടർമാരും പ്രാദേശിക സാഹചര്യങ്ങൾ നിരീക്ഷിക്കണമെന്നും ആവശ്യമെങ്കിൽ സ്കൂളുകളും അങ്കണവാടികളും അടച്ചിടുന്നത് ഉൾപ്പെടെയുള്ള ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും ഒഡീഷ സർക്കാരിന്റെ സ്പെഷ്യൽ റിലീഫ് കമ്മീഷണറുടെ ഓഫീസ് നിർദ്ദേശിച്ചിട്ടുണ്ട്.
നവംബർ 20-ഓടെ 'അക്വാൻ' ചുഴലിക്കാറ്റ് ഒഡീഷ-ആന്ധ്രാപ്രദേശ് തീരങ്ങൾ കടക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 19-ന് രാവിലെ 9:15-ന് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിശക്തമായ 'അക്വാൻ' കഴിഞ്ഞ ആറ് മണിക്കൂറിനുള്ളിൽ, മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ വടക്കോട്ട് നീങ്ങിയിട്ടുണ്ട്. രാവിലെ 5:30-ന്, 14.5 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 85.3 ഡിഗ്രി കിഴക്ക് രേഖാംശത്തിലും ആയിരുന്നു ചുഴലിക്കാറ്റിന്റെ സ്ഥാനം. ആന്ധ്രാപ്രദേശിലെ നർസാപൂരിന് കിഴക്ക്-തെക്കുകിഴക്കായി ഏകദേശം 440 കിലോമീറ്റർ അകലെയും കലിംഗപട്ടണത്തിന് തെക്ക്-തെക്കുകിഴക്കായി 440 കിലോമീറ്റർ അകലെയും തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് കിഴക്ക്-വടക്കുകിഴക്കായി 580 കിലോമീറ്റർ അകലെയും ഒഡീഷയിലെ ഗോപാൽപൂരിന് തെക്കായി 530 കിലോമീറ്റർ അകലെയും പുരിക്ക് തെക്കായി 590 കിലോമീറ്റർ അകലെയുമാണ് ചുഴലിക്കാറ്റ് നിലകൊള്ളുന്നത്. വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ഈ ചുഴലിക്കാറ്റ് 2026 നവംബർ 20 ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്, യാനം, തെക്കൻ ഒഡീഷ തീരങ്ങൾ കടക്കുമെന്ന് IMD അറിയിച്ചു. നർസാപൂരിനും പുരിക്കും ഇടയിൽ ഗോപാൽപൂരിന് കിഴക്ക് ഭാഗത്തുകൂടിയാകും ഇത് തീരം കടക്കുക. ഈ സമയത്ത് 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ആഞ്ഞടിക്കാനും സാധ്യതയുണ്ട്.