പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് ഉപജീവനമാർഗ്ഗം ഒരുക്കി ഒരു പ്രധാന അധ്യാപകൻ. എല്ലാവർഷവും ഉപജീവന മാർഗവുമായി എത്തുന്ന പ്രിയ അധ്യാപകന് നാട്ടുകാർ ഒരു ഓമന പേരും നൽകി. ഉപജീവനം മാഷ്. മലപ്പുറം വേങ്ങര കുറ്റൂർ നോർത്ത് എം എച്ച് എം എൽ പി സ്കൂൾ പ്രധാന അധ്യാപകൻ രാജു വർഗീസാണ് രക്ഷിതാക്കൾക്ക് ഒരു കൈ സഹായവുമായി എത്തുന്നത്.
ഇപ്രാവശ്യം നാലു വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് തയ്യൽ മെഷീനുകളാണ് വിതരണം ചെയ്തത്. കഴിഞ്ഞ വർഷങ്ങളിൽ അർഹരായ കുടുംബങ്ങൾക്ക് ആട്,കോഴി പോത്ത്, താറാവ്, പശു, വസ്ത്രോൽപന്നങ്ങൾ തുടങ്ങി പല വിധത്തിലുള്ള ജീവിതമാർഗങ്ങൾ പ്രധാന അധ്യാപകൻ ഒരുക്കി കൈമാറിയിരുന്നു. സ്വന്തം ശമ്പളത്തിന്റെ ഒരു വിഹിതം മാറ്റിവച്ചാണ് ഉപജീവന മാർഗം കണ്ടെത്താനുള്ള ഫണ്ട് കണ്ടെത്തുന്നത്.
സഹായം ലഭിക്കുന്നവർക്ക് അത്യാവശ്യ സാമ്പത്തിക പ്രയാസങ്ങൾ വന്നാൽ വാങ്ങിക്കൊടുക്കുന്നത് വിൽക്കുന്നതിലും ഉപജീവനും മാഷക്ക് എതിർപ്പില്ല. മറ്റു സർക്കാർ ജീവനക്കാരും തന്റെ പാതയിൽ പാവങ്ങളെ സഹായിക്കാൻ മുന്നോട്ടുവരണമെന്നാണ് രാജു മാഷിന് പറയാനുള്ളത്.