വായുമലിനീകരണം എന്ന് കേൾക്കുമ്പോൾ നമ്മുടെയൊക്കെ മനസിലേക്ക് ആദ്യമെത്തുക ഡൽഹിയാണ് . ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വിഷപ്പുകയിൽ ശ്വാസം മുട്ടുന്ന രാജ്യതലസ്ഥാനമാണ് എങ്ങും ചർച്ച . എന്നാൽ ഡൽഹിയെ പോലും പിന്നിലാക്കിയ സ്ഥലമുണ്ട് . രാജസ്ഥാനിലെ ശ്രീഗംഗാനഗർ . രാജസ്ഥാനിലെ ഒരു പട്ടണവും കാർഷിക മേഖലയുമാമാണ് ഇവിടം .ഒക്ടോബർ പതിനഞ്ചു മുതൽ നവംബർ പതിനഞ്ചുവരെ ഒരു മാസത്തെ ശരാശരി കണക്കെടുത്താൽ ഡൽഹിയേക്കാൾ മോശം സാഹചര്യമായിരുന്നു ശ്രീഗംഗാനഗറിൽ . ഡൽഹിയിൽ ശരാശരി വായു ഗുണ നിലവാര സൂചിക 296 ആയിരുന്നപ്പോൾ ശ്രീഗംഗാനഗറിൽ 321 ആയിരുന്നു .
എന്തുകൊണ്ട് ശ്രീഗംഗാനഗർ ?
താർ മരുഭൂമിയുടെ വടക്കേ അറ്റത്താണ് ശ്രീഗംഗാനഗർ . വരണ്ടകാറ്റിൽ പൊടിപടലങ്ങൾ ഉയരുന്നത് പതിവ് . മഞ്ഞുകാലമായാൽ സ്ഥിതി രൂക്ഷമാകും .ഇതിനു പുറമെയാണ് മനുഷ്യന്റെ ഇടപെടൽ .ഫാക്ടറികളും മറ്റു വ്യവസായ സ്ഥാപനങ്ങളും ഈ പട്ടണത്തെ മലിനമാക്കുന്നതിൽ പങ്കുവഹിക്കുന്നു .500 ലധികം ഇഷ്ടിക ചൂളയുണ്ട് ജില്ലയിൽ .കൽക്കരിയും കടുകിന്റെ അവശിഷ്ടങ്ങളുമാണ് ചൂളകളിൽ പ്രധാനമായും കത്തിക്കുന്നത് .ചിലയിടത്ത് ഇങ്ങനെ കത്തിക്കുന്നതിന്റെ അളവ് ടൺ കണക്കിന് വരും .ഇത് അന്തരീക്ഷത്തെ കൂടുതൽ വിഷമയമാകും .കൂടാതെ സിമന്റ് ഫാക്ടറികൾ ,ക്രഷർ യൂണിറ്റുകൾ തുടങ്ങിയവയും ഈ പ്രദേശത്തുണ്ട് .വിളവെടുത്ത പാടത്തു കർഷകർ തീയിടുന്നത് കൂടിയാകുമ്പോൾ ഇവിടത്തെ വായുവിന്റെ നിലവാരം വഷളാകുന്നു .
കാരണം അതുമാത്രമോ ?
ഒരുവശത്ത് താർ മരുഭൂമി ആണെങ്കിൽ മറുവശത്ത് പഞ്ചാബാണ് . ഇവയ്ക്ക് രണ്ടിനും നടുവിലാണ് ശ്രീഗംഗാനഗർ .ഡൽഹിയിൽ സംഭവിക്കുന്നത് പോലെ വിളവെടുപ്പ് കഴിഞ്ഞാൽ പഞ്ചാബിലെ പാടങ്ങളിൽ തീയിടുന്നതിന്റെ പുകയും ഇങ്ങോട്ടേക്ക് എത്തും .ലോകത്തിലെ തന്നെ ഏറ്റവും മോശം വായുനിലവാരമുള്ള നഗരമാണ് പാകിസ്ഥാനിലെ ലാഹോർ .അതിർത്തിയോടു ചേർന്നായതിനാൽ അവിടുത്തെ സാഹചര്യവും ശ്രീഗംഗാനഗറിനെ സാരമായി സ്വാധീനിക്കുന്നു .
ഡൽഹി രാജ്യതലസ്ഥാനവും മെട്രോ നഗരവുമായതിനാൽ അവിടുത്തെ ഓരോ ചലനങ്ങളും ചർച്ചയാകും .എന്നാൽ അതല്ല അതിർത്തിയിലുള്ള ശ്രീഗംഗാനഗറിന്റെ അവസ്ഥ .നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം കാരണം ദേശീയ ശുദ്ധവായു പരിപാടിയിൽ പോലും ഇടം പിടിക്കാതെ പോയ ചെറുപട്ടണമാണിത് .വായുമലിനീകരണത്തിനു വൻനഗരമെന്നോ രാജ്യാതിർത്തികളെന്നോ വേർതിരിവില്ലെന്ന് ശ്രീഗംഗാനഗർ വ്യക്തമാക്കുന്നു .അതിനാൽ പ്രാദേശിക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തുള്ള സമഗ്രമായ നയമാണ് വായുമലിനീകരണത്തെ ചെറുക്കാൻ വേണ്ടതെന്ന വലിയ പാഠമാണ് ശ്രീഗംഗാനഗർ നമുക്ക് നൽകുന്നത് .