Image Credit:X

Image Credit:X

TOPICS COVERED

  • 2025 ജൂലൈയിലാണ് യുവതി എംബിഎ പഠനത്തിനായി യുകെയിലേക്ക് പോയത്. ഓഗസ്റ്റില്‍ നാട്ടിലേക്ക് മടങ്ങിയെത്തി. പതിവായി വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നുവെങ്കിലും താന്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയെന്നോ പൂണെയിലുണ്ടെന്നോ അറിയിച്ചിരുന്നില്ല

യുകെയില്‍ എംബിഎ പഠിക്കുന്നുവെന്ന് വീട്ടുകാര്‍ കരുതിയ മകളുടെ മൃതദേഹം പൂണെയിലെ ഫ്ലാറ്റില്‍. മഹരാഷ്ട്ര സ്വദേശിയായ മുഗ്ധ അവിനാഷ് ദേശ്മുഖി(34)നെയാണ് പിംപ്രി ലോധ ബെല്‍മണ്ടോയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഗ്ധയുടെ ശരീരത്തില്‍ പുറമേയ്ക്ക് മുറിവുകളൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. യുകെയില്‍ നിന്ന് ഓഗസ്റ്റില്‍ മടങ്ങിയെത്തിയ മുഗ്ധ വിവരം വീട്ടില്‍ അറിയിക്കാതെയാണ് പൂണെയില്‍ താമസിച്ചുവന്നത്. 

2025 ജൂലൈയിലാണ് യുവതി എംബിഎ പഠനത്തിനായി യുകെയിലേക്ക് പോയത്. ഓഗസ്റ്റില്‍ നാട്ടിലേക്ക് മടങ്ങിയെത്തി. പതിവായി വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നുവെങ്കിലും താന്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയെന്നോ പൂണെയിലുണ്ടെന്നോ അറിയിച്ചിരുന്നില്ല.

കഴിഞ്ഞ ശനിയാഴ്ചയാണ് മുഗ്ധ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. പിന്നീട് വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് എന്നാണ് കേട്ടിരുന്നത്. ഇതോടെ വീട്ടുകാര്‍ ലണ്ടനിലുള്ള സുഹൃത്തുക്കളെ ബന്ധപ്പെട്ടു. വ്യാഴാഴ്ചയാണ് മുഗ്ധയുമായി അവസാനമായി സംസാരിച്ചതെന്ന് കൂട്ടുകാരി പറഞ്ഞതോടെ വീട്ടുകാര്‍ ആശങ്കയിലായി. സുഹൃത്താണ് ലണ്ടന്‍ പൊലീസില്‍ വിവരമറിയിച്ചത്. ഓഗസ്റ്റില്‍ മുഗ്ധ ലണ്ടന്‍ വിട്ടിരുന്നുവെന്നും അറിയിച്ചു. മുഗ്ധയുടെ കുടുംബം ഹൈക്കമ്മിഷന്റെയും സഹായം തേടി. 

മകളുടെ തിരോധാനത്തില്‍ സംശയം തോന്നിയ പിതാവ് ബാങ്ക് സ്റ്റേറ്റ്മെന്‍റ് പരിശോധിച്ചതോടെയാണ് നിര്‍ണായക വിവരം ലഭിച്ചത്. ഒക്ടോബര്‍ എട്ടു മുതല്‍ 25 വരെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നുവെന്നും ഒസ്മാന്‍പുരയാണ് ലൊക്കേഷനെന്നും കണ്ടെത്തി. ഇതോടെ മകള്‍ ഇന്ത്യയില്‍ തിരിച്ചെത്തിയോ എന്ന് വീട്ടുകാര്‍ അന്വേഷിച്ചു. വിവരം പൊലീസിനും കൈമാറി.

വീട്ടുകാര്‍ നല്‍കിയ ലൊക്കേഷന്‍ വിവരമനുസരിച്ച് പൊലീസ് തിരഞ്ഞെത്തിയത് ലോധ ബെല്‍മണ്ടോ കോംപ്ലക്സിലേക്കാണ്. ഫ്ലാറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഏപ്രിലില്‍ ഈ ഫ്ലാറ്റ് മുഗ്ധ വാടകയ്ക്ക് എടുത്തിരുന്നുവെന്നും പക്ഷേ ഓഗസ്റ്റിലാണ് നാട്ടിലെത്തിയതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മുഗ്ധ ലണ്ടന്‍ വിടാനുണ്ടായ സാഹചര്യം അന്വേഷിക്കുകയാണെന്നും വീട്ടില്‍ വിവരമറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നുമടക്കം അന്വേഷിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

A 34-year-old woman, Mugdha Avinash Deshmukh, who her family believed was pursuing an MBA in the UK, was found dead inside her rented apartment in Pune, Maharashtra. She had reportedly returned from the UK in August without informing her family and continued speaking to them over the phone while concealing her whereabouts. Her father's examination of her bank statements revealed online food orders placed between October 8 and 25, with Osmanpura listed as the delivery location, helping police trace her apartment in the Lodha Belmondo complex.