• തമിഴ്‌നാട്ടിലെ ടാസ്‌മാക് മദ്യവിൽപന കേന്ദ്രങ്ങളിൽ 1,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകൾക്കും നവംബർ 1 മുതൽ ഡിജിറ്റൽ പേയ്‌മെന്റ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു.

തമിഴ്‌നാട്ടിലെ  മദ്യവില്‍പന കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍. 1000 രൂപയ്ക്ക് മുകളിലുള്ള എല്ലാ വില്‍പനകള്‍ക്കും പേയ്‌മെന്റ് ഡിജിറ്റലായി നടത്തണമെന്നാണ് പുതിയ തീരുമാനം. നവംബർ 1 മുതൽ പുതിയ നടപടി പ്രാബല്യത്തിൽ വരും. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ (ടാസ്മാക്)  ആണ് ഇക്കാര്യം അറിയിച്ചത്.  സംസ്ഥാനത്ത് നിലവിൽ 4,048 ചില്ലറ മദ്യവിൽപ്പന കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.

UPI, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് ഓപ്ഷനുകൾ നിലവില്‍ മദ്യവില്‍പന കേന്ദ്രങ്ങളില്‍ ലഭ്യമാണെങ്കിലും ഭൂരിഭാഗം ഇടപാടുകളും ഇപ്പോഴും പണമായി തന്നെയാണ് നടക്കുന്നത്. ദിവസവും വലിയ തുക പണമായി കൈകാര്യം ചെയ്യുന്നത് മദ്യവില്‍പന കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പണം കൊണ്ടുപോകുമ്പോഴുള്ള സുരക്ഷ, കണക്കിലെ പൊരുത്തക്കേടുകൾ, കള്ളനോട്ട് ലഭിക്കാനുള്ള സാധ്യത എന്നിവ പരിഗണിച്ചാണ് പുതിയ തീരുമാനമെന്നും ടാസ്‌മാക് ഉദ്യോഗസ്ഥര്‍ പറയുന്നു. ഡിജിറ്റൽ പേയ്‌മെന്റ് നിർബന്ധമാക്കുന്നത് ഘട്ടം ഘട്ടമായാകും നടപ്പിലാക്കുക. 

തമിഴ്‌നാട്ടില്‍ പൊതുവെ ടാസ്മാക്കുകളില്‍നിന്ന് മദ്യം വാങ്ങുമ്പോള്‍ അധിക പണം ഈടാക്കുന്നെന്ന പരാതി ജനങ്ങളിൽ നിന്ന് പതിവാണ്. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലേക്ക് മാറുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

 1000 രൂപയ്ക്ക് താഴെ മദ്യം വാങ്ങുന്ന  ഉപഭോക്താക്കൾക്ക് പണമായോ ഡിജിറ്റൽ മാർഗത്തിലോ പണമടയ്ക്കാനുള്ള ഓപ്ഷൻ നിലനിർത്തും. അതേസമയം ടാസ്മാക് ജീവനക്കാർ വ്യക്തിഗത QR കോഡുകൾ വഴിയോ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്കോ പേയ്‌മെന്റുകൾ സ്വീകരിക്കുന്നത്  കർശനമായി വിലക്കിയിട്ടുണ്ട്.  ഓരോ വില്‍പനയ്ക്കും ഫിസിക്കൽ ബില്ല് നൽകും. POS മെഷീനുകളിൽ ഇടപാട് പരിശോധിച്ചതിന് ശേഷം മാത്രമേ ഉപഭോക്താക്കള്‍ക്ക് മദ്യക്കുപ്പികൾ കൈമാറുകയുള്ളു.  ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉപഭോക്താക്കളെ അറിയിക്കാന്‍ ഔട്ട്‌ലെറ്റുകളില്‍ നോട്ടീസ് ബോർഡുകളും പ്രദർശിപ്പിക്കും. 

ENGLISH SUMMARY:

The Tamil Nadu State Marketing Corporation (TASMAC) has announced that digital payment will be made mandatory for all liquor purchases exceeding ₹1,000 starting November 1. This new regulation will apply across all 4,048 retail liquor outlets in Tamil Nadu to streamline cash management and enhance transaction security.