Image credit:X

Image credit:X

ബംഗാളില്‍ 17കാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ചു. 24 പര്‍ഗാനാസിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതി പ്രഹ്ലാദ് ദാസ് (23) പൊലീസ് ഓഫിസറുടെ സര്‍വീസ് റിവോള്‍വര്‍ തട്ടിപ്പറിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. സ്വയരക്ഷാര്‍ഥം പൊലീസ് തിരിച്ച് വെടിയുതിര്‍ത്തതോടെ പ്രഹ്ലാദിന് മാരകമായി പരുക്കേറ്റു. ചാന്ദ്പാറ റൂറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഹ്ലാദ് വെടിയേറ്റ് മരിച്ചുവെന്ന വാര്‍ത്ത അറിഞ്ഞതും കുടുംബവും നാട്ടുകാരും ആശുപത്രിയിലേക്ക് എത്തി. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അതേസമയം, ഏറ്റുമുട്ടല്‍ക്കൊല സുവേന്ദു സര്‍ക്കാര്‍ ശീലമാക്കുകയാണെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാമത്തെ ഏറ്റുമുട്ടല്‍ കൊലയാണ് ബംഗാളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈയില്‍ പ്രവാസ് മൊന്‍ഡാലെന്ന ബലാല്‍സംഗക്കൊലക്കേസ് പ്രതിയും സമാനമായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ക്രൈം സീനിലെത്തിച്ച് തെളിവെടുക്കുന്നതിനിടെ മൊന്‍ഡാലും സര്‍വീസ് റിവോള്‍വര്‍ തട്ടിപ്പറിച്ച് വെടിയുതിര്‍ത്തുവെന്നും സ്വയരക്ഷയ്ക്ക് തിരിച്ച് വെടിവച്ചപ്പോള്‍ മരണം സംഭവിച്ചുവെന്നുമായിരുന്നു സൗത്ത് 24 പര്‍ഗാനാസിലെ ബറുയിപുര്‍ പൊലീസിന്‍റെയും വിശദീകരണം. 

മകളെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന വിവരം പൊലീസ് 17കാരിയുടെ മാതാപിതാക്കളെ അറിയിച്ചു. പൊലീസ് ചെയ്തത് ശരിയാണെന്നും പക്ഷേ ഇതുകൊണ്ടും തനിക്ക് മകളെ ജീവനോടെ കിട്ടില്ലല്ലോയെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. 'അവന്‍ മരിച്ചെന്ന് കേട്ടു. നന്നായി' എന്നായിരുന്നു പെണ്‍കുട്ടിയുടെ അമ്മയുടെ പ്രതികരണം.

ഏറ്റുമുട്ടലില്‍ ബലാല്‍സംഗക്കേസ് പ്രതിയെ വധിച്ചതിനെ ബംഗാള്‍ മന്ത്രി ദിലീപ് ഘോഷ് ന്യായീകരിച്ചു. നിയമം ലംഘിക്കുന്നവര്‍ തക്കശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ആരും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം പറഞ്ഞു. 'മുന്‍പും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. നീതി എല്ലാവര്‍ക്കും വേണം. ആരും നിയമത്തിന് മുകളിലല്ല. നിയമം കയ്യിലെടുക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ അനന്തരഫലവും അനുഭവിക്കും. ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാനാണ് പൊലീസ് നിലകൊള്ളുന്നത്. അല്ലെങ്കില്‍ ജനങ്ങള്‍ക്ക് പൊലീസിലെ വിശ്വാസം നഷ്ടമാകും. ജനങ്ങളെ സംരക്ഷിക്കാന്‍ പൊലീസിന് ചിലപ്പോള്‍ കടുത്ത നടപടി സ്വീകരിക്കേണ്ടി വരും'- ദിലീപ് ഘോഷ് വ്യക്തമാക്കി. 

11-ാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം ബന്ധുവിന്‍റെ വീടിനടുത്ത് നിന്നുമാണ് ഞായറാഴ്ച കണ്ടെത്തിയത്. അര്‍ധനഗ്നമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. അമ്മയ്ക്ക് അസുഖമായതിനാല്‍ അമ്മാവന്‍റെ വീട്ടില് നിന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പോസ്റ്റുമോര്‍ട്ടത്തില്‍ ക്രൂര ബലാല്‍സംഗത്തിനിരയായതായി കണ്ടെത്തി. തുടര്‍ന്ന് കുടുംബം നല്‍കിയ പരാതിയിലാണ് പ്രഹ്ലാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ENGLISH SUMMARY:

A 23-year-old man accused of raping and murdering a 17-year-old girl in West Bengal has died in a police encounter in North 24 Parganas district. According to police, the accused, Prahlad Das, allegedly snatched a service revolver from an officer and opened fire while being taken to the crime scene for evidence collection, prompting police to retaliate in self-defence. A departmental inquiry has been ordered into the incident, while reports indicate tension developed at the hospital after the accused’s death became known. The incident has sparked controversy, as it is the second reported police encounter death of a rape-and-murder accused in West Bengal in three months, following a similar incident involving Prabhas Mondal in July.