bengal-attak-complaint

ബംഗാളിൽ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ കേസെടുത്ത് പൊലീസ്. മേദിനിപ്പൂരിലെ പട്ലാപൂർ ഗ്രാമത്തിൽ മൂന്ന് ക്രിസ്ത്യൻ കുടുംബങ്ങളെ ആക്രമിക്കുകയും മതം ഉപേക്ഷിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി. ഏകദേശം 18 മാസം മുൻപ് ക്രിസ്തുമതം സ്വീകരിച്ച കുടുംബങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ബജ്‌റംഗ് ദൾ ബന്ധമുള്ള സംഘം ആളുകൾ ഇവരുടെ വീടുകളിൽ അതിക്രമിച്ചു കയറി മർദ്ദിക്കുകയും, ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് മടങ്ങാൻ (ഘർ വാപസി) ആവശ്യപ്പെടുകയും ചെയ്തതായി ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ 30 വർഷമായി ഈ പ്രദേശത്ത് താമസിക്കുന്നവരാണ് മൂന്ന് കുടുംബങ്ങളും.

സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കെ.സി.വേണുഗോപാൽ എം.പി കത്തയച്ചു. ബജ്റംഗ്ദൾ ബന്ധമുള്ള സംഘം വീടുകളിൽ അതിക്രമിച്ചു കയറി സ്ത്രീകളെ വിവസ്ത്രരാക്കാൻ ശ്രമിച്ചതായി കത്തിൽ പറയുന്നു. 2026 മെയ് 13 നും സെപ്റ്റംബര്‍ 20 നും ഇടയിൽ 13 ജില്ലകളിലായി 60 ആക്രമണങ്ങൾ ഉണ്ടായതായും കർശന വകുപ്പുകൾ ചുമത്തി മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും കെ.സി.വേണുഗോപാൽ കത്തിൽ ആവശ്യപ്പെട്ടു.

അക്രമികൾ സ്ത്രീകളെയും പെൺകുട്ടികളെയും അടക്കം ശാരീരികമായി ഉപദ്രവിക്കുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തതായി പരാതിയില്‍ ആരോപിച്ചു. ആക്രമണത്തില്‍ ഒരു സ്ത്രീയ്​ക്ക് ബോധം നഷ്ടമായി. പരാതിയെത്തുടർന്ന് ചന്ദ്രകോണ പൊലീസ് വധശ്രമം, സ്ത്രീകളെ അപമാനിക്കൽ, കവർച്ച, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം 13 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസിനെ സമീപിക്കരുതെന്ന് സംഘം കുടുംബങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ENGLISH SUMMARY:

Police have registered a case in West Bengal's Medinipur district following a violent attack on three Christian families who converted approximately 18 months ago. A mob linked to Bajrang Dal allegedly forced entry into their homes, physically assaulted them, and demanded they undergo 'ghar wapasi' to Hinduism. The attackers also attempted to strip women and tore their clothes, prompting victims to file a formal complaint with local authorities. In response to the growing violence, MP K.C. Venugopal has written an urgent letter to Union Home Minister Amit Shah, demanding strict action against the perpetrators across multiple reported incidents.