kc-venugopal-food-order-by-governor

ലോക്ഭവന്റെ അടുക്കളയിൽ മാംസാഹാരം പാകം ചെയ്യരുതെന്ന കേരള ഗവർണർ ഓംപ്രകാശ് മാഥൂറിന്റെ നിർദേശത്തിനു പിന്നാലെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ചുമതലയേൽക്കുന്നതിന് മണിക്കൂറുകൾക്കു മുൻപേ, കേരളത്തിന്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കുന്നതിനുമുൻപേ, താൻ അധികാരമേൽക്കുന്നതോടെ എല്ലാവരും വെജിറ്റേറിയനാകണമെന്ന ഗവർണറുടെ നിർദേശം കടന്ന കൈയായിപ്പോയെന്ന് കെ.സി. വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

സമ്മിശ്രമായ ഭക്ഷണസംസ്കാരമുള്ള നാടാണ് കേരളമെന്നും അതുകൊണ്ടുതന്നെ വെജിറ്റേറിയനായും നോൺ വെജിറ്റേറിയനായും ഓരോരുത്തർക്കും ഇവിടെ തുടരാമെന്നും അദ്ദേഹം പറഞ്ഞു. മലയാളികൾ ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേർപ്പെടുത്താനോ ഇനി എന്തു കഴിക്കണമെന്ന് നിർദേശിക്കാനോ ആരെങ്കിലും ശ്രമിച്ചാൽ അത് അംഗീകരിക്കാനാകില്ല. ഭക്ഷണത്തിൽപ്പോലും ഇടപെട്ട് മലയാളികളുടെ തനതായ ജീവിതരീതികൾ ഇല്ലാതാക്കാനുള്ള ഇത്തരം അന്ത്യശാസനങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കെ.സി. വേണുഗോപാൽ വിമർശിച്ചു.

കാലങ്ങളായി കവർന്നെടുക്കൽ അജണ്ട പിന്തുടരുന്ന സംഘപരിവാറിന്റെ ഭരണഘടനാവിരുദ്ധ താൽപര്യങ്ങളുടെ തുടർച്ചയാണിത്. വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യാവകാശത്തിന്റെ കടയ്ക്കൽ കത്തിവച്ചവർ ഇപ്പോൾ ഭക്ഷണസ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ അദ്ദേഹം ആരോപിച്ചു.

കെ.സി. വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കേരള ഗവർണറായി ഓംപ്രകാശ് മാഥൂർ ചുമതലയേറ്റിരിക്കുകയാണ്.

ഇന്നുമുതൽ ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്നാണ് ഗവർണർ ചുമതലയേൽക്കുന്നതിനുമുൻപേ നൽകിയിരിക്കുന്ന നിർദേശം. ചുമതലയേൽക്കുന്നതിന് മണിക്കൂറുകൾക്കുമുൻപേ, കേരളത്തിന്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കുന്നതിനുമുൻപേ, താൻ അധികാരമേൽക്കുന്നതോടെ ഇവിടെ എല്ലാവരും വെജിറ്റേറിയനാകണമെന്ന നിർദേശം കടന്ന കൈയായിപ്പോയി.

സമ്മിശ്രമായ ഭക്ഷണസംസ്കാരമുള്ള നാടാണ് കേരളം. തീരദേശ സംസ്ഥാനമായ കേരളത്തിൽ മത്സ്യസമ്പത്തും ധാരാളമുണ്ട്. അതുകൊണ്ടുതന്നെ വെജിറ്റേറിയനായും നോൺ വെജിറ്റേറിയനായും ഓരോരുത്തർക്കും ഇവിടെ തുടരാം. മലയാളികൾ ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേർപ്പെടുത്താനോ ഇനി എന്തു കഴിക്കണമെന്ന് നിർദേശിക്കാനോ ആരെങ്കിലും ശ്രമിച്ചാൽ അത് അംഗീകരിക്കാനാകില്ല. ഭക്ഷണത്തിൽപ്പോലും ഇടപെട്ട് മലയാളികളുടെ തനതായ ജീവിതരീതികൾ ഇല്ലാതാക്കാനുള്ള ഇത്തരം അന്ത്യശാസനങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്.

എന്തു കഴിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും തീരുമാനിക്കാനുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഭരണഘടനാപദവിയിലിരിക്കുന്ന വ്യക്തി തന്നെയാണ് തന്റെ ഭക്ഷണരീതി മറ്റുള്ളവരും പിന്തുടരണമെന്ന് നിർബന്ധിക്കുന്നത്. അധികാരം ഉപയോഗിച്ച് വ്യക്തിസ്വാതന്ത്ര്യം കവർന്നെടുക്കാനാണ് നിയുക്ത ഗവർണർ ശ്രമിക്കുന്നത്.

കാലങ്ങളായി കവർന്നെടുക്കൽ അജണ്ട പിന്തുടരുന്ന സംഘപരിവാറിന്റെ ഭരണഘടനാവിരുദ്ധ താൽപര്യങ്ങളുടെ തുടർച്ചയാണിത്. വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യാവകാശത്തിന്റെ കടയ്ക്കൽ കത്തിവച്ചവർ ഇപ്പോൾ ഭക്ഷണസ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്.

സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തിൽ നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമാണിത്. വെജിറ്റേറിയനായ ഗവർണർ തന്റെ ഭക്ഷണക്രമം അതേപടി തുടരുന്നതിൽ ഒരുതരത്തിലുള്ള തടസ്സവും ഉണ്ടാകാൻ പാടില്ല. എന്നാൽ, മലയാളികൾ കൂടി ജീവനക്കാരായുള്ള ലോക്ഭവന്റെ അടുക്കള തന്റെ പ്രത്യേക താൽപര്യങ്ങൾക്കനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്ന നിർദേശത്തോടെയുള്ള നിയന്ത്രണം അംഗീകരിക്കാനാകില്ല.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ ആളുകൾ കൊല്ലപ്പെടുന്ന സാഹചര്യം പകൽപോലെ വ്യക്തമാണ്. ദാദ്രി ഉൾപ്പെടെയുള്ള സംഭവങ്ങൾ നമ്മുടെ രാജ്യത്തിന്റെ ഹൃദയത്തിലേൽപ്പിച്ച മുറിവുകൾ ഇന്നും അവശേഷിക്കുന്നുണ്ട്. ഭക്ഷണത്തെ മുൻനിർത്തി സംഘപരിവാർ നടത്തുന്ന തീവ്രവർഗീയ പ്രചാരണവും അപരവിദ്വേഷ പ്രകടനവും അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണിത്. സംഘപരിവാർ നടപ്പാക്കുന്ന ഈ നയങ്ങൾ ലോക്ഭവനിൽനിന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുകയും ക്രമേണ ആധിപത്യമായി മാറുകയും ചെയ്താൽ, നമ്മുടെ സ്വാഭാവിക ജീവിതരീതികൾ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നതിൽ സംശയമില്ല.

ഭക്ഷണസ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും അവകാശമാണ്. അതിന് തടയിടുന്ന നടപടികളിൽനിന്ന് കേരള ഗവർണർ പിന്മാറണം. ഇഷ്ടമുള്ളത് പാചകം ചെയ്യാനും കഴിക്കാനുമുള്ള അവകാശത്തിന് ഭരണഘടനാപരമായ പരിരക്ഷ ഉറപ്പാക്കേണ്ട പദവിയിലാണ് താൻ ഇരിക്കുന്നതെന്ന് ഗവർണർ ഓർക്കണം.

ENGLISH SUMMARY:

AICC General Secretary K.C. Venugopal has strongly condemned newly appointed Kerala Governor Om Prakash Mathur's directive banning the cooking of non-vegetarian food in the Raj Bhavan kitchen. Venugopal criticized the order as an authoritarian overreach and a direct violation of citizens' fundamental rights regarding dietary freedom in a culturally diverse state like Kerala. He argued that imposing personal dietary choices through administrative authority reflects the Sangh Parivar's hidden agenda to erode individual liberties. Furthermore, he warned that such directives threaten India's pluralistic fabric and urged the Governor to withdraw the controversial restriction immediately.