എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഗുഡ്കാ തുപ്പുന്നതിനിടെ 11 കെ.വി ഹൈടെൻഷൻ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലുള്ള ഗഞ്ച് ബസോദയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ദാരുണമായ സംഭവം നടന്നത്. ഛത്തർപൂർ സ്വദേശിയും കെട്ടിട നിർമ്മാണ തൊഴിലാളിയുമായ പ്രഭുലാൽ ഗുപ്ത (65) ആണ് മരിച്ചത്. ഗായത്രി നഗറിൽ കഴിഞ്ഞ 10 വർഷമായി വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു ഇയാൾ.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വാടകവീടിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന പ്രഭുലാൽ ഗുപ്ത, ഗുഡ്കാ ചവച്ച ശേഷം പുറത്തേക്ക് തുപ്പുകയായിരുന്നു. ഇത്തരത്തിൽ തുപ്പല്‍ സമീപത്തുകൂടി കടന്നുപോകുന്ന ഹൈടെൻഷൻ ലൈനുമായി സമ്പർക്കത്തിൽ വരികയും പ്രഭുലാലിന് ഷോക്കേല്‍ക്കുകയുമായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത്തരത്തിൽ അപകടങ്ങൾ സംഭവിക്കാമെന്ന് വിദഗ്ധരും വ്യക്തമാക്കുന്നു. ഉമിനീരിൽ ഉയർന്ന അളവിൽ ഈർപ്പവും ലവണങ്ങളും അടങ്ങിയിട്ടുള്ളതിനാൽ അതിന് വൈദ്യുതി കടത്തിവിടാൻ (Conductive path) കഴിയും. ഇത് ഉയർന്ന ശേഷിയുള്ള ലൈനുമായി ബന്ധപ്പെടുമ്പോൾ വൈദ്യുതി വായുവിലൂടെ പ്രവഹിക്കാനുള്ള സാധ്യതയുണ്ട് (Electrical Arc).

11 കെവി എന്നത് 11,000 വോൾട്ട് ആണ്. ഈ വോൾട്ടേജിൽ വൈദ്യുതി ശരീരത്തിൽ നേരിട്ട് സ്പർശിക്കാതെതന്നെ, ഇത്തരത്തില്‍ സാഹചര്യങ്ങൾ അനുകൂലമായാൽ, വായുവിലൂടെ ആർക് രൂപപ്പെടാം. ബാൽക്കണി കേബിളുമായി വളരെ അടുത്തിരുന്ന സാഹചര്യത്തിൽ, പ്രഭുലാലിന്‍റെ ശരീരത്തിലൂടെ വൈദ്യുതി പ്രവഹിക്കുകയും നിമിഷങ്ങൾക്കകം ഗുരുതരമായി പൊള്ളലേൽക്കുകയുമായിരുന്നു എന്നാണ് കരുതുന്നത്.

സംഭവത്തെ തുടർന്ന് പ്രദേശവാസികളും കടുത്ത അമർഷത്തിലാണ്. വീടുകൾക്ക് തൊട്ടടുത്തു കൂടെ കടന്നുപോകുന്ന ഹൈടെൻഷൻ ലൈനുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് പലതവണ പരാതി നൽകിയിട്ടും വൈദ്യുതി ബോർഡ് അധികൃതർ അവഗണിച്ചതായി ഇവർ ആരോപിക്കുന്നു. മേഖലയിലെ വൈദ്യുതി പോസ്റ്റുകളും കേബിളുകളും ട്രാൻസ്ഫോർമറുകളും അപകടാവസ്ഥയിലാണെന്ന് വീടിന്റെ ഉടമസ്ഥയായ പദ്മ ചിധാർ പറഞ്ഞു. ലൈനുകൾ മാറ്റാമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ലെന്ന് അവർ കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

In a tragic incident at Ganj Basoda in Madhya Pradesh's Vidisha district, a 65-year-old construction worker died after getting electrocuted while spitting gutka from a third-floor balcony. The deceased, Prabhulal Gupta, was residing in a rented house when his saliva reportedly made contact with a nearby 11 kV high-tension electric line. Technical experts explained that high moisture and salt content in saliva can form a conductive path, enabling an electrical arc to travel through the air from high-voltage cables without direct physical contact. Following the accident, local residents expressed severe anger against the electricity board for neglecting repeated complaints to relocate hazardous high-tension wires running dangerously close to residential buildings.