ഡൽഹിയിൽ കീറിയ കറൻസി നോട്ട് സ്വീകരിക്കാത്തതിനെത്തുടർന്നുണ്ടായ തർക്കത്തിൽ മർദനത്തിനിരയായ ഡെലിവറി എക്സിക്യൂട്ടീവ് ജീവനൊടുക്കി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ഡൽഹിയിലെ ഈസ്റ്റ് വിനോദ് നഗറിലാണ് സംഭവം. 24കാരനായ സമീർ ഹുസൈൻ ആണ് ജീവനൊടുക്കിയത്.
ഒക്ടോബർ 4-ന് രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. ഓർഡർ ഡെലിവറി ചെയ്യാനെത്തിയ സമീറിന് ഉപഭോക്താവ് നൽകിയ പണത്തിൽ കീറിയ പത്ത് രൂപയുടെ നോട്ടുമുണ്ടായിരുന്നു. ഇത് സ്വീകരിക്കാൻ സമീർ വിസമ്മതിച്ചതാണ് തർക്കത്തിന് കാരണമായത്. നോട്ടുകൾ സ്വീകരിക്കാൻ കഴിയില്ലെന്നും നല്ല നോട്ട് നല്കാന് തയ്യാറെങ്കില്‍ ഓർഡർ റദ്ദാക്കാൻ സമീർ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഉപഭോക്താവ് അസഭ്യം പറയുകയും, തുടർന്ന് സ്ഥലത്തെത്തിയ മറ്റൊരു വ്യക്തി സമീറിനെ മുഖത്തടിക്കുകയും ചെയ്തു. കൂടാതെ സമീറിന്റെ കുടുംബ പശ്ചാത്തലത്തെ പരിഹസിക്കുകയും ചെയ്തു.
സംഭവം സമീർ റെക്കോർഡ് ചെയ്തിരുന്നു. വിഡിയോയിൽ, പ്രായമായ ഉപഭോക്താവ് പണം നൽകാൻ 10-15 മിനിറ്റ് എടുത്തുതായും ശേഷം കീറിയ 10 രൂപ നോട്ട് ഉൾപ്പെടെ നൽകിയതായും സമീര്‍ പറയുന്നു. എതിര്‍ത്തപ്പോള്‍ ഉപഭോക്താവ് തന്നെ അധിക്ഷേപിച്ചുവെന്നും പലതവണ അടിച്ചുവെന്നും സമീര്‍ ആരോപിക്കുന്നുണ്ട്. ഇടത്തരം കുടുംബത്തില്‍ നിന്നുള്ള തന്റെ പശ്ചാത്തലത്തെ ഉപഭോക്താവ് പരിഹസിച്ചുവെന്നും സമീര്‍ ആരോപിച്ചു.
തനിക്ക് ജോലിയിൽ തുടരേണ്ടതിനാൽ ആദ്യം അനുഭവം അവിടെ ഉപേക്ഷിക്കാനും മുന്നോട്ടുപോകാനും തീരുമാനിച്ചു. എന്നാൽ, തന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള പരാമർശങ്ങൾ തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് സമീര്‍ പറയുന്നു. വിഡിയോയിൽ, സമീർ തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും ഡെലിവറി പാർട്ണറായി ജോലി ചെയ്യുന്നതിന്റെ വെല്ലുവിളികളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. 'ഇത്രയും ആളുകളുടെ മുന്നിൽ വെച്ച് അയാൾ എന്നെ തല്ലിയപ്പോൾ അവർക്ക് എന്തെങ്കിലും പറയാമായിരുന്നു. ആരും ഒന്നും പറഞ്ഞില്ല. അയാൾ എന്നെ അടിച്ചു. ആ അടി എന്റെ ഹൃദയത്തിലാണ് കൊണ്ടത്'– സമീര്‍ പറയുന്നു.
മറ്റുള്ളവരുടെ മുന്നിൽ വെച്ച് അയാള്‍ തന്നെ മൂന്ന് തവണ അടിച്ചെങ്കിലും ആരും ഇടപെട്ടില്ലെന്നും സമീര്‍ പറഞ്ഞു. ‘ഉപഭോക്താക്കൾക്കാണ് എപ്പോഴും മുൻഗണന. ഞങ്ങൾക്ക് ഒരു മുൻഗണനയില്ല. ഞങ്ങൾ വിതരണം ചെയ്യുക മാത്രമാണ് ചെയ്യുന്നത്’– ഡെലിവറി തൊഴിലാളികൾക്ക് സംരക്ഷണമോ പിന്തുണയോ ലഭിക്കാത്തതില്‍ താന്‍ നിരാശനാണെന്നും സമീർ വിഡിയോയിൽ പറഞ്ഞു. സംഭവം നടന്നയുടന്‍ സമീര്‍ പൊലീസ് കണ്ട്രോള് റൂമിലേക്ക് വിളിച്ച് പരാതിപ്പെടുകയും ചെയ്തിരുന്നു.
സംഭവത്തിന് പിന്നാലെ കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നു സമീർ. ഒടുവില്‍ ഒക്ടോബർ 5-ന് വിഷം ഉള്ളില്‍ചെന്ന നിലയിൽ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒക്ടോബർ 20-ന് സമീര്‍ മരിച്ചു. സംഭവത്തില്‍ രാകേഷ് എന്ന ബണ്ടി (30), റാംപാൽ സിങ് (65) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഡെലിവറി ജോലിക്കിടെയുണ്ടായ സംഭവം വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.