എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
രാജസ്ഥാനിലെ അൽവാർ ജില്ലയിൽ യുവതി തന്റെ രണ്ട് കുട്ടികളെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ഖേർലി ടൗണിന് സമീപമുള്ള ദാന്തിയ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മകൾ കളിക്കാൻ പുറത്തുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് ഉഷാ ശർമ്മ തൻ്റെ അഞ്ച് വയസ്സുള്ള മകൻ മുകുളിനെയും നാല് വയസ്സുള്ള മകൾ നന്ദിനിയെയും ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഉഷ കുട്ടികളെ ഒരു മുറിയിൽ കയറ്റി വാതിലടച്ച ശേഷം കത്രിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ സ്വയം മുറിവേൽപ്പിച്ചതായും പൊലീസ് അറിയിച്ചു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും അയൽവാസികളും വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല. പിന്നീട് വാതിൽ തകർത്ത് അകത്തു കയറിയപ്പോഴേക്കും രക്തത്തിൽ കുളിച്ച നിലയിലുള്ള മൃതദേഹങ്ങളാണ് കാണാൻ കഴിഞ്ഞത്. നാട്ടുകാർ നാല് പേരെയും ഉടൻ തന്നെ ഖേർലിയിലെ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുകുൾ മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ചികിത്സയിലിരിക്കെ ഉഷയും നന്ദിനിയും മരണപ്പെടുകയായിരുന്നു.
അതേസമയം, സംഭവമറിഞ്ഞ ഉഷയുടെ സഹോദരി മനീഷ ദുഖം സഹിക്കവയ്യാതെ ഭിത്തിയില്‍ തലയിച്ച് സ്വയം പരുക്കേല്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മനീഷയെ കൂടുതൽ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉഷയുടെ ഭർത്താവ് അമിത് ശർമ്മ ഗുജറാത്തിലെ ഒരു സ്വകാര്യ കമ്പനിയിലും, മനീഷയുടെ ഭർത്താവ് അങ്കിത് ശർമ്മ ജയ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായും ജോലി ചെയ്തു വരികയാണ്.
മൃതദേഹങ്ങൾ ഖേർലി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.