ട്രെയിനുകളില് മോഷണം നടത്തുന്ന ആളുകളുടെ വിഡിയോ ഉത്തരേന്ത്യയില് നിന്നും വന്തോതില് പുറത്തുവരാറുണ്ട്. വിന്ഡോ സീറ്റിലിരിക്കുന്ന യാത്രികരുടെ ഫോണോ പണമോ തട്ടിപ്പറിക്കുന്നതാണ് ഇവരുടെ രീതി. പലപ്പോഴും ഇത്തരം മോഷ്ടാക്കളെ കയ്യില് പിടിച്ച് പിടികൂടാറുമുണ്ട്. എന്നാല് മോഷണത്തിനായി ട്രെയിനില് കയ്യിട്ട് പിടിയിലായ ഒരു കള്ളന് പറ്റിയ ദാരുണ അപകടത്തിന്റെ വിഡിയോ ആണ് ബിഹാറില് നിന്ന് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ശിവനാരായണ്പൂര് റെയില്വേ സ്റ്റേഷനിലാണ് സംഭവം.
ഫോണ് മോഷ്ടിക്കാന് ശ്രമിക്കുന്നതിനിടെ കള്ളനെ യാത്രക്കാര് പിടിച്ചുവച്ചു. ട്രെയിന് ഓടിത്തുടങ്ങുന്നതിനിടെയായിരുന്നു മോഷണശ്രമം എന്നതിനാല് ഓടിത്തുടങ്ങിയ ട്രെയിനില് തൂങ്ങുകയല്ലാതെ കള്ളന് മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. ഇതിനിടെ ഒരു യാത്രക്കാരന് ‘ചാകെടാ’ എന്ന് പറയുന്നത് കേള്ക്കാം.
ട്രയിന് ക്രമേണ വേഗത വര്ധിച്ചെങ്കിലും കള്ളനെ യാത്രികര് വിട്ടില്ല. തുടര്ന്ന് ഇയാളുമായി ട്രെയിന് കുതിക്കുന്നതിനിടെ യാത്രികര് പിടി വിടീക്കുകയായിരുന്നു. ട്രാക്കില് നിന്ന് തലനാരിഴയ്ക്കാണ് ഇയാള് രക്ഷപ്പെടുന്നത്. ഉരുണ്ടുരുണ്ട് ഇയാള് പ്ലാറ്റ്ഫോമില് നിശ്ചലനായി കിടക്കുന്നു. യാത്രക്കാരന് ഇതോടെ ‘ചത്തു’ എന്ന് പറയുന്നതും കേള്ക്കാം. ഉടന് തന്നെ പൊലീസെത്തി പരുക്കേറ്റ കള്ളനെ ആശുപത്രിയിലേക്ക് മാറ്റി.
വിഡിയോ പ്രചരിച്ചതോടെ വ്യത്യസ്തമായ പ്രതികരണങ്ങളാണ് സംഭവത്തെക്കുറിച്ച് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. യുവാവിനെ പൊലീസിലേല്പ്പിക്കാതെ വീഴ്ത്തിയത് മനുഷ്യത്വമില്ലായ്മയാണെന്ന് വിമര്ശനമുയരുന്നുണ്ട്. എന്നാല് യുവാവിനെ പ്ലാറ്റ്ഫോം കഴിഞ്ഞ് നിലത്തുവീഴ്ത്തണമായിരുന്നെന്നാണ് ഒരു കൂട്ടം ആളുകളുടെ പ്രതികരണം.