TAGS

ദുരിതാശ്വാസ വിതരണത്തിന്‍റെ ഭാഗമായി ഹെലികോപ്റ്ററിൽ നിന്ന് താഴേക്കിട്ട പാക്കറ്റ് തലയിൽ വീണ് ബീഹാറിൽ ഒരാൾ മരിച്ചു. വെള്ളപ്പൊക്കം ബാധിച്ച ബീഹാറിലെ സാരൺ ജില്ലയിലെ ദുരിതാശ്വാസ വിതരണത്തിനിടെയാണ് സംഭവം. അനിൽ കുമാർ സിങ്ങ് എന്ന 58കാരനാണ് മരണപ്പെട്ടത്. പർഷുറാംപൂർ ഗ്രാമത്തിന് സമീപമുള്ള ദുരിതാശ്വാസ ക്യാമ്പിനടുത്താണ് സംഭവം നടന്നത്.

ഹെലികോപ്റ്ററിൽ നിന്ന് താഴേക്കിട്ട ഭക്ഷ്യധാന്യങ്ങളും മറ്റു അവശ്യവസ്തുക്കളുമടങ്ങിയ പാക്കറ്റ് അനിൽ കുമാറിന്റെ തലയിൽ വന്ന് പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അനിൽ കുമാര്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമെ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയുകയുളളുവെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. 

അതേസമയം, ഹെലികോപ്റ്റർ താഴ്ന്നു പറന്നതിനെ തുടര്‍ന്ന് സമീപത്തെ വീടിന്റെ ടിൻ ഷീറ്റ് പറന്നുപോവുകയും അത് തട്ടി പ്രദേശവാസിയായ ഒരു സ്ത്രീക്ക് കാലിന് പരിക്കേൽക്കുകയും ചെയ്തു. ഇവർക്ക് പ്രാഥമിക ചികിത്സ നൽകിയതായി പൊലീസ് അറിയിച്ചു. പ്രകൃതിദുരന്തത്തിൽ വലയുന്നതിനിടെ രക്ഷാപ്രവര്‍ത്തകരുടെ ഇത്തരം വീഴ്ച്ചകളില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.  

ENGLISH SUMMARY:

Bihar relief package death occurred when a relief packet dropped from a helicopter struck a man on the head during flood relief distribution. The incident highlights the critical need for caution and improved protocols in disaster relief operations.