vijay
  • 'ആരെങ്കിലും കൈക്കൂലി ചോദിച്ചാല്‍, തരില്ലെന്ന് ഉറച്ച് പറയണം. ഞാന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും. എന്നിട്ടും അവര്‍ നിര്‍ബന്ധിച്ചാല്‍ ഞങ്ങളുടെ മകന്‍, സഹോദരന്‍ , ഞങ്ങളുടെ വിജയ് ആണ് സംസ്ഥാനം ഭരിക്കുന്നത് എന്ന് പറയണം'

കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് അഞ്ച് പൊലീസുകാരെ വിജയ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ഒരാളെ പിരിച്ചുവിട്ടു. തിരുനെല്‍വേലി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസുകാരാണ് ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് പിടിയിലായത്. അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും അഴിമതിരഹിത സംസ്ഥാനമാണ് തന്‍റെ സ്വപ്നമെന്നും മുഖ്യമന്ത്രി വിജയ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. 

തിരുനെല്‍വേലിയിലെ മേലാപ്പാളയം സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ സ്വര്‍ണ രാജാണ് വാഹനപരിശോധനയ്ക്കിടെ പണം വാങ്ങി കുടുങ്ങിയത്. ബൈക്ക് യാത്രികനില്‍ നിന്ന് സ്വര്‍ണരാജ് ഗൂഗിള്‍പേയിലൂടെ നിര്‍ബന്ധമായി 1000 രൂപയാണ് വാങ്ങിയത്. താന്‍ നിയമം ലംഘിച്ചിട്ടില്ലെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നും യുവാവ് പറഞ്ഞുവെങ്കിലും സ്വര്‍ണരാജ് ഗൗനിച്ചില്ല.  

മോഷണം പോയ ബൈക്ക് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് 10,000 രൂപ ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയതിലാണ് ചെന്നൈ നോര്‍ത്ത് ബീച്ച് പൊലീസ് സ്റ്റേഷനിലെ എസ്ഐ ശിവരാജും കോണ്‍സ്റ്റബിള്‍ വിവേകും സസ്പെന്‍ഷനിലായത്. പ്രാഥമികാന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്. മാധവം പൊലീസ് സ്റ്റേഷനിലെ എസ്ഐയും കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായി.  പുഴല്‍ പൊലീസ് സ്റ്റേഷന്‍ എസ്ഐ മാരീശ്വരനെതിരെയാണ് കൂട്ടത്തില്‍ ഗുരുതരമായ കൈക്കൂലി ആരോപണം ഉയര്‍ന്നത്. വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായി മാരീശ്വരനെ  സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.  2024 ല്‍ അണ്ണാ നഗര്‍ പൊലീസ് സ്റ്റേഷനിലിരിക്കെ അഞ്ചുവട്ടം കൈക്കൂലി വാങ്ങിയെന്നാണ് തെളിഞ്ഞത്.

തമിഴ്നാട്ടിലെവിടെയെങ്കിലും ആരെങ്കിലും കൈക്കൂലി ആവശ്യപ്പട്ടാല്‍ തരില്ലെന്ന് പറയാന്‍ മടിക്കരുതെന്നും നിര്‍ബന്ധിച്ചാല്‍ അവരോട് തരില്ലെന്ന് ഉറപ്പായും പറയണമെന്നും വിജയ് ആണ് ഭരിക്കുന്നതെന്ന് പറയണമെന്നും കരൂരില്‍ നടന്ന റാലിക്കിടെ വിജയ് പറഞ്ഞത് സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. 'ആരെങ്കിലും കൈക്കൂലി ചോദിച്ചാല്‍, തരില്ലെന്ന് ഉറച്ച് പറയണം. ഞാന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും. എന്നിട്ടും അവര്‍ നിര്‍ബന്ധിച്ചാല്‍ ഞങ്ങളുടെ മകന്‍, സഹോദരന്‍ , ഞങ്ങളുടെ വിജയ് ആണ് സംസ്ഥാനം ഭരിക്കുന്നത് എന്ന് പറയണം. കടുപ്പിച്ച് പറഞ്ഞോളൂ, ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ എനിക്കൊപ്പമുണ്ടെങ്കില്‍ അഴിമതിക്കാരെ നമുക്ക് തുടച്ച് നീക്കാം' എന്നായിരുന്നു വിജയുടെ വാക്കുകള്‍.

ENGLISH SUMMARY:

Five Tamil Nadu police personnel have faced disciplinary action in separate bribery cases involving alleged demands or payments of ₹1,000 to ₹10,000. Some cases involved Google Pay transactions. Four personnel were suspended, while Puzhal SI Marishwaran was dismissed following a departmental inquiry