Image credit: x/shubham_gurule
അമ്പലത്തില്‍ നിന്നുള്ള ഉച്ചഭാഷിണിയുടെ ശബ്ദം കുറയ്ക്കാതിരുന്നതിനെ തുടര്‍ന്ന് പൂജാരിയെ മര്‍ദിച്ച് യുവാവ്. ജയ്പുരിലാണ് സംഭവം. സന്ധ്യാപൂജയ്ക്കിടെയാണ് 63കാരനായ പൂജാരിക്ക് മര്‍ദനമേറ്റത്. ക്ഷേത്രത്തില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങളിലാണ് പൂജാരിയെ യുവാവ് ഇടിക്കുന്നതിന്‍റെയും അടിക്കുന്നതിന്റെയും വസ്ത്രമഴിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
രാമകൃഷ്ണയെന്ന പൂജാരിയാണ് മര്‍ദനത്തിന് ഇരയായത്. ക്ഷേത്രത്തിന് എതിര്‍വശത്ത് താമസിക്കുന്ന യുവാവ്, ഉച്ചഭാഷിണിയുടെ ശബ്ദം കുറയ്ക്കണമെന്ന് പലവട്ടം പൂജാരിയോട് ആവശ്യപ്പെട്ടിരുന്നു. സാധിക്കില്ലെന്ന് പൂജാരി പറഞ്ഞതോടെ തര്‍ക്കമാകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വാഗ്വാദം കയ്യാങ്കളിയില്‍ കലാശിക്കുകയും ചെയ്തു.
യുവാവിനോട് പൂജാരി പുറത്തിറങ്ങി പോകാന്‍ പറയുന്നത് വിഡിയോയില്‍ കാണാം. യുവാവ് തയാറായതുമില്ല. ഇതോടെ യുവാവിനെ പൂജാരി പിടിച്ച് തള്ളി. പിന്നാലെ പൂജാരിയുടെ മുഖത്തടിച്ച് യുവാവ് വലിച്ച് താഴെയിടുകയായിരുന്നു. കയ്യാങ്കളി കണ്ട് ക്ഷേത്രത്തിലെത്തിയ ആളുകള്‍ ഇടപെട്ടു. പിടിവലിയില്‍ പൂജാരിയുടെ വസ്ത്രങ്ങളും കീറിപ്പോയി. രംഗം ശാന്തമായതിന് ശേഷം പൂജാരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.