തന്‍റെ വീ‍ട് പൊളിഞ്ഞുവീഴുന്നെന്ന് ഒരു ഫോണ്‍കോള്‍. ഒരിടത്തല്ല, പൊലീസിലും ഫയര്‍ഫോഴ്സിലും പ്രദേശത്തെ ആംബുലന്‍സുകള്‍, എന്‍ഡിആര്‍എഫ് അടക്കം എല്ലാവര്‍ക്കും ലഭിച്ചത് ആ ഭയന്ന വയോധികന്‍റെ ഫോണ്‍കോള്‍. സൗത്ത് ഡല്‍ഹി മൈതാന്‍ ഗാരഹിയില്‍ നിന്നായിരുന്നു ആ ഫോണ്‍കോള്‍. വൈകീട്ട് മൂന്നോടെ. ഉടന്‍ എല്ലാ സേനയും ഇരച്ച് പ്രദേശത്തെത്തി. എന്നാല്‍ പ്രദേശത്തെത്തിയപ്പോള്‍ കണ്ടത് തലയ്ക്ക് കയ്യും കൊടുത്തിരിക്കുന്ന ഒരു വയോധികനെയാണ്. കെട്ടിടം കെട്ടിടം പോലെത്തന്നെ അനങ്ങാതെ നില്‍ക്കുന്നു. പൊലീസ് അന്തംവിട്ടു. ഡല്‍ഹിയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത ഒരേ സമയം ചിരിയും ആശങ്കയുമുണ്ടാക്കുന്നതാണ്. 

നരേന്ദ്ര എന്ന വയോധികനാണ് പൊലീസിനെ വിളിച്ചത്. വയോധികന്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. മദ്യപാനത്തിനിടെ ഇയാള്‍ക്ക് കെട്ടിടം തകരുന്നതായി തോന്നി ഇതോടെ ഇയാള്‍ പുറത്തിറങ്ങി സുരക്ഷാസേനകളെ വിളിക്കുകയായിരുന്നു. ഇതേ സമയം ഇയാള്‍ കെട്ടിടത്തിലെ ആളുകളോടെ താഴെ ഇറങ്ങാന്‍ പറയുകയും ചെയ്തു.

ഡല്‍ഹിയിലെ ഈയടുത്തുണ്ടായ സത്യനികേതനിലെ കെട്ടിടം തകര്‍ച്ചയ്ക്ക് പിന്നാലെ സമാനമായ കോളുകള്‍ക്ക് ഉടനടി നടപടി എടുക്കാന്‍ ദ്രുതകര്‍മസേനകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നരേന്ദ്രയ്ക്ക് പറ്റിയ അബദ്ധത്തിന് കുടുംബം അധികാരികളോട് ക്ഷമ ചോദിച്ചു. നരേന്ദ്രയ്ക്കെതിരെ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

ENGLISH SUMMARY:

A drunk elderly man in South Delhi caused a scare by calling emergency services, claiming his building was collapsing. While authorities responded swiftly due to recent building collapses, it was a false alarm, with the man realizing his mistake and his family apologizing.