പാൻ വാങ്ങുന്നതിനിടെ കൈ അബദ്ധത്തിൽ തട്ടിയതിനെ തുടർന്ന് ദളിത് യുവാവിനെ ജാതീയമായി അധിക്ഷേപിച്ച് മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ ഗിർവാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ മസൂരി ഗ്രാമത്തിലാണ് സംഭവം.
സെപ്റ്റംബർ 24ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവമെന്നാണ് പരാതിക്കാരനായ രാം മിലൻ പറയുന്നത്. പാൻ വാങ്ങുന്നതിനിടെ തന്റെ കൈ സന്തോഷ് യാദവ് എന്ന വ്യക്തിയുടെ കൈയിൽ അബദ്ധത്തിൽ തട്ടിയതിനെ തുടർന്ന് സന്തോഷ് യാദവ് ജാതീയ അധിക്ഷേപം നടത്തുകയും വടി ഉപയോഗിച്ച് മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.
തുടർന്ന് സന്തോഷ് യാദവിന്റെ മകൻ നവൽ കിഷോർ എന്ന നുന്നുവും സ്ഥലത്തെത്തിയെന്നും ഇരുവരും ചേർന്ന് മർദിച്ചെന്നും രാം മിലൻ പറയുന്നു. മർദനത്തിനിടെ കൈവശമുണ്ടായിരുന്ന ഏകദേശം 35,000 രൂപയും തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു.
ഇഷ്ടികക്കളങ്ങളിലേയ്ക്ക് തൊഴിലാളികളെ എത്തിക്കുന്ന കോൺട്രാക്ടറായി ജോലി ചെയ്യുന്ന തനിക്ക് തൊഴിലാളികൾക്ക് നൽകുന്നതിനായാണ് പണം കൈവശമുണ്ടായിരുന്നതെന്നും രാം മിലൻ പറയുന്നു. സംഭവത്തിൽ പരാതി നൽകിയാൽ കൊല്ലുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
സംഭവത്തിന് പിന്നാലെ ബന്ധുവിന്റെ ഫോണിൽ നിന്ന് 112ൽ വിളിച്ച് പൊലീസിനെ വിവരമറിയിച്ചു. എന്നാൽ തന്റെ പരാതി പൊലീസ് ഗൗരവമായി പരിഗണിച്ചില്ലെന്നും വൈദ്യപരിശോധനയ്ക്ക് അയച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് സെപ്റ്റംബർ 25ന് ജില്ലാ മജിസ്ട്രേറ്റിന് രാം മിലൻ പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും വൈദ്യപരിശോധന നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട ജാതീയ അധിക്ഷേപം, മർദനം, പണം തട്ടിയെടുക്കൽ, വധഭീഷണി തുടങ്ങിയവ നിലവിൽ പരാതിക്കാരന്റെ ആരോപണങ്ങളാണ്. ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ഇവ സ്ഥിരീകരിക്കപ്പെട്ട വസ്തുതകളായി കണക്കാക്കാനാകില്ല എന്നതാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.