Image credit: X/sanatan_kannad
ബൈക്കില്‍ അപകടകരമായി കുട്ടികളെയും കൊണ്ട് യാത്ര ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസ്. കര്‍ണാടകയിലെ മൈസൂരുവിലാണ് സംഭവം. ബൈക്കിന്‍റെ പിന്‍സീറ്റില്‍ ഘടിപ്പിച്ച ഇരുമ്പ് കൊട്ടയില്‍ കോഴിക്കുഞ്ഞുങ്ങളെയെന്നോണം അഞ്ച് കുട്ടികളെ ഇരുത്തി യുവാവ് യാത്ര ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മൈസൂരു–നഞ്ചന്‍ഗുഡ് റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ പകര്‍ത്തിയ ദൃശ്യങ്ങളാണിതെന്നാണ് സമൂഹമാധ്യമമായ എക്സില്‍ വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.
കുട്ടികളുടെ സുരക്ഷിതത്വത്തെ കുറിച്ച് ആര്‍ക്കെങ്കിലും വല്ല ബോധവുമുണ്ടോ, ഞായറാഴ്ച രാത്രി ഊട്ടി റോഡില്‍ നിന്നുള്ള കാഴ്ചയാണിത്' എന്നും വിഡിയോയ്ക്കൊപ്പമുണ്ട്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷ വിമര്‍ശനമാണ് നിറയുന്നത്. കുട്ടികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന രീതിയിലുള്ളതാണ് യാത്രയെന്നും ട്രാഫിക്– ഗതാഗത നിയമ ലംഘനം കൂടിയാണിതെന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, രാജ്യത്തെ പലയിടങ്ങളിലും ഇത്തരം കാഴ്ച സാധാരണമാണെന്ന് കുറിക്കുന്നവരുമുണ്ട്.
കുട്ടികളെ ഇത്തരത്തില്‍ ഇരുചക്ര വാഹനങ്ങളില്‍ കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നും ഇത്രയധികം ആളുകള്‍ക്ക് എങ്ങനെയാണ് ബൈക്കില്‍ സഞ്ചരിക്കാന്‍ കഴിയുകയെന്നുമെല്ലാം ആളുകള്‍ ചോദ്യമുയര്‍ത്തുന്നു. കോഴിക്കുഞ്ഞുങ്ങളെ വില്‍ക്കാന്‍ കൊണ്ടു പോകുന്നത് പോലെയുണ്ട്. സമൂഹമാധ്യമങ്ങളിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.