bushra-banu

Image credit: fb account/ Bushara bano

വിഡിയോയിൽ ഇസ്ലാമിക അഭിവാദ്യങ്ങളും പ്രയോഗങ്ങളും ഉപയോഗിച്ച വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയതിനെച്ചൊല്ലി പശ്ചിമ ബംഗാളിൽ വിവാദം. ഖരഗ്പൂരിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ആയി ചുമതലയേറ്റ് രണ്ടര മാസം തികയും മുൻപാണ് ബുഷ്‌റ ബാനുവിനെ സംസ്ഥാന സായുധ പൊലീസിന്റെ നാലാം ബറ്റാലിയന്റെ ഡെപ്യൂട്ടി കമാൻഡന്റായി മാറ്റിയത്. സ്ഥലംമാറ്റ ഉത്തരവിൽ കാരണം ‘പൊതുതാൽപര്യം’ എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, ഉദ്യോഗസ്ഥയുടെ വിഡിയോയിലെ ‘അസ്സലാമു അലൈക്കും’, ‘ഇൻഷാ അല്ലാഹ്’, ‘ജസാക്കല്ലാഹ്’ തുടങ്ങിയ പ്രയോഗങ്ങൾക്കെതിരെ പരാതി ഉയർന്നതിന് പിന്നാലെയാണ് നടപടി ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

വിഡിയോയുടെ തുടക്കത്തിൽ ‘അസ്സലാമു അലൈക്കും’ (നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ) എന്ന് ബുഷ്‌റ അഭിവാദ്യം ചെയ്യുന്നുണ്ട്. സംസാരത്തിനിടെ ‘ഇൻഷാ അല്ലാഹ്’ (ദൈവം അനുവദിച്ചാൽ) എന്ന പ്രയോഗവും പ്രസംഗത്തിന്റെ അവസാനത്തിൽ ‘ജസാക്കല്ലാഹ്’ എന്ന പ്രയോഗവും നടത്തിയതായി പരാതിയിൽ പറയുന്നതായാണ് റിപ്പോർട്ട്. ‘വന്ദേ മാതരം’ അല്ലെങ്കിൽ ‘ജയ് ഹിന്ദ്’ പോലുള്ള ദേശീയ അഭിവാദ്യങ്ങൾ ഉപയോഗിച്ചില്ലെന്നും പരാതിയിൽ ആരോപണമുണ്ട്.

പരാതിക്ക് പിന്നാലെയാണ് ഖരഗ്പൂരിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ആയി ചുമതലയേറ്റ് രണ്ടര മാസം തികയും മുൻപ് ബുഷ്‌റയെ സ്ഥലംമാറ്റിയത്. സെപ്റ്റംബർ 14ന് പുറത്തിറങ്ങിയ ബംഗാൾ സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാന സായുധ പൊലീസിന്റെ നാലാം ബറ്റാലിയന്റെ ഡെപ്യൂട്ടി കമാൻഡന്റായാണ് പുതിയ നിയമനം. അതേസമയം, സ്ഥലംമാറ്റ ഉത്തരവിൽ കാരണം ‘പൊതുതാൽപര്യം’ എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വിവാദവുമായി ബന്ധപ്പെട്ട പരാതി സ്ഥലംമാറ്റത്തിന് കാരണമായതാണെന്ന് സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

ഉത്തർപ്രദേശിലെ കന്നൗജ് സ്വദേശിയായ ബുഷ്‌റ ബാനു 2021ൽ യുപിഎസ്‌സി പരീക്ഷ പാസായാണ് ഇന്ത്യൻ പൊലീസ് സർവീസിൽ (ഐപിഎസ്) ചേർന്നത്. ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് പോയിരുന്ന അവർ പിന്നീട് എഎംയുവിൽനിന്ന് പിഎച്ച്ഡി പൂർത്തിയാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഒരു ഉദ്യോഗസ്ഥ പൊതുജനങ്ങളുമായുള്ള ആശയവിനിമയത്തിൽ നിഷ്പക്ഷത പാലിക്കുകയും ദേശീയ പ്രയോഗങ്ങൾ ഉപയോഗിക്കുകയും വേണമെന്നാണ് വിവാദത്തെ പിന്തുണയ്ക്കുന്ന ചില ഹിന്ദു സംഘടനകളുടെ വാദം.

അതേസമയം, സ്ഥലംമാറ്റത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. വ്യക്തിപരമായ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട സാധാരണ പ്രയോഗങ്ങൾ നടത്തിയതിന്റെ പേരിൽ ഒരു ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കരുതെന്നായിരുന്നു ചില നേതാക്കളുടെ പ്രതികരണം. കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഗർഹി സംഭവത്തിൽ ഐപിഎസ് അസോസിയേഷൻ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ടു. തനിക്ക് പിന്തുണ നൽകുന്നതിന് പകരം സംസ്ഥാന സർക്കാർ തൊട്ടടുത്ത ദിവസം തന്നെ ബുഷ്‌റയെ സ്ഥലംമാറ്റിയെന്ന് അദ്ദേഹം വിമർശിച്ചു.

ടിഎംസി എംഎൽഎ കുനാൽ ഘോഷും വിഷയത്തിൽ പ്രതികരിച്ചു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ‘അസഭ്യമോ ഭരണഘടനാവിരുദ്ധമോ ആയ ഒരു വാക്കും ഉപയോഗിച്ചിട്ടില്ലെങ്കിൽ, സ്വന്തം ശീലങ്ങളുടെയും വ്യക്തിപരമായ വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിൽ സംസാരിച്ചതിന്റെ പേരിൽ ഒരാളെ ശിക്ഷിക്കരുത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

‘അസ്സലാമു അലൈക്കും’ എന്നത് ‘നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ’ എന്നർഥമുള്ള ഒരു സാധാരണ ഇസ്ലാമിക അഭിവാദ്യമാണെന്നും ഇതിന്റെ പേരിൽ ഒരു മുസ്‌ലിം പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും മുതിർന്ന മാധ്യമപ്രവർത്തകനും ‘ദ വയർ’ സ്ഥാപക എഡിറ്ററുമായ സിദ്ധാർഥ് വരദരാജൻ വിമർശിച്ചു.

ENGLISH SUMMARY:

Following a Hindu organization's complaint, the transfer of an IPS officer in West Bengal has sparked widespread protest. Bushra Banu, an Additional Superintendent of Police, was transferred after using Islamic greetings during a motivational speech, leading to criticism of the government's decision.