vijay-trisha

ജോസഫ് വിജയ്യും തൃഷയും തമ്മിലുള്ള സൗഹൃദം സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നതിനിടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അംബിക. ഇംഗ്ലണ്ടിലെ സിൽവർസ്റ്റോണിൽ വെച്ച് നടന്ന അജിത്ത് കുമാറിന്‍റെ 'ലെമാൻസ് കപ്പ്' റേസിംഗ് മത്സരത്തിനിടയിൽ വിജയും തൃഷയും  ഒന്നിച്ചുണ്ടായിരുന്നതിന്‍റെ ദൃശ്യങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയില്‍ വൈറലായിരുന്നു. ഇതോടെ ഇവരുടെയും സൗഹൃദം വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചർച്ചയായി മാറി.

ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അംബികയുടെ പ്രതികരണം. വിജയ് ഇപ്പോള്‍ തമിഴ്നാട് മുഖ്യമന്ത്രി ആണെന്നും ഇത്തരത്തിലുള്ള ചര്‍ച്ചകളും ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ പ്രചരിച്ചാല്‍ അത് അദ്ദേഹത്തിന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിക്കുമെന്നും അംബിക പറഞ്ഞു. 'റെഡ്പിക്സി'ന് നൽകിയ അഭിമുഖത്തിലാണ് അംബിക നിലപാട് വ്യക്തമാക്കിയത്.

തൃഷയ്ക്ക് ഈ സൗഹൃദത്തില്‍ പ്രശ്നങ്ങള്‍ തോന്നാന്‍ സാധ്യത ഇല്ല. എന്നാല്‍ വിജയ്യെപ്പോലെ ഒരു പ്രധാന പദവി കൈകാര്യം ചെയ്യുന്ന പൊതുപ്രവർത്തകനെന്ന നിലയിൽ  ഇത്തരം ഒത്തുചേരലുകൾ സമൂഹം എങ്ങനെ കാണുമെന്നുകൂടി താരങ്ങൾ ചിന്തിക്കേണ്ടതുണ്ടെന്നും അംബിക ഓർമ്മിപ്പിച്ചു. സുഹൃത്തിനൊപ്പം പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്  അനാവശ്യ വിമർശനങ്ങൾക്കോ വിവാദങ്ങള്‍ക്കോ കാരണമാകുമെന്ന് കണ്ടാൽ, താനാണ് തൃഷയുടെ സ്ഥാനത്തെങ്കിൽ,തീർച്ചയായും അത്തരം സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നും അംബിക വ്യക്തമാക്കി. 

'സിനിമാ മേഖലയില്‍ എല്ലാവര്‍ക്കും നല്ല സുഹൃത്തുക്കള്‍ ഉണ്ട്. അതില്‍ പുരുഷനും സ്ത്രീയും കുട്ടികളും എല്ലാം ഉള്‍പ്പെടും. അതില്‍ ഒരാള്‍ വലിയ പദവിയില്‍ എത്തി എന്നതുകൊണ്ട്  ആ സുഹൃദ്ബന്ധം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ അതിന് മറ്റൊരു നിറം നല്‍കേണ്ട ആവശ്യമോ ഇല്ല. ഇപ്പോള്‍ ലണ്ടനില്‍പ്പോയ വിഷയമാണെങ്കില്‍ തൃഷയും രാധികയും അവിടെ ഒരു സിനിമയുമായി ബന്ധപ്പെട്ട് എത്തിയതാണെന്ന് കേള്‍ക്കുന്നു. അപ്പോള്‍ അവര്‍ സിൽവർസ്റ്റോണിൽ പോയതായിരിക്കാം. അതില്‍ നമുക്ക് എന്താണ് കാര്യം? എന്നിരുന്നാലും ഒരാള്‍കാരണം കാരണം സുഹൃത്തിന് വിമര്‍ശനങ്ങള്‍ വരുന്നുണ്ടെങ്കില്‍ അത് ജനങ്ങളുടെ മനസിലും ബുദ്ധിമുട്ട് ഉണ്ടാക്കും.

അതിനാ‍ല്‍ ഞാനാണെങ്കില്‍ അവിടെ നിന്ന് മാറി നില്‍ക്കും. ഭൂരിഭാഗം ആളുകളുടെയും കുടുംബങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അത് വീണ്ടും വീണ്ടും വലിച്ചു കീറി ആഘോഷിക്കുന്നത് തെറ്റാണ്'  എന്നും അംബിക വ്യക്തമാക്കി.

അതേസമയം, ഇത് താൻ വിജയ്ക്കോ തൃഷയ്ക്കോ നൽകുന്ന ഔദ്യോഗിക ഉപദേശമല്ലെന്നും, മറിച്ച് സ്വന്തം അഭിപ്രായങ്ങള്‍ മാത്രമാണെന്നും അഭിമുഖത്തിൽ അംബിക കൂട്ടിച്ചേർത്തു. സിൽവർസ്റ്റോണിലെ സംഭവത്തിനു ശേഷം ഇരുതാരങ്ങളുടെയും സൗഹൃദത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾക്ക് കൂടുതൽ ചൂടേകിയിരിക്കുകയാണ് അംബികയുടെ ഈ വെളിപ്പെടുത്തൽ.

 

ENGLISH SUMMARY:

Vijay Trisha friendship is once again a hot topic on social media after actress Ambika's statement. She expressed concerns that such discussions and pictures circulating on social media could tarnish the image of Vijay, who is now the Chief Minister of Tamil Nadu.