vijay

തേനിക്ക് പിന്നാലെ തമിഴ്‌നാട്ടില്‍ വീണ്ടും തടവുകാര്‍ ചാടിപ്പോയതോടെ പൊലീസ് വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി വിജയ്ക്ക് മേല്‍ സമ്മര്‍ദം. ജയില്‍വകുപ്പിന് മുഖ്യമന്ത്രി താക്കീത് നല്‍കിയ ദിവസം തന്നെ വീണ്ടും ജയില്‍ചാട്ടം നടന്നത് വലിയ വിവാദമായി. സര്‍ക്കാരിന്റെ കഴിവുകേട് മനസിലാക്കിയത് കൊണ്ടാണ് തടവുകാര്‍ ജയില്‍ ചാടുന്നതെന്ന് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിന്‍ വിമര്‍ശിച്ചു.

തേനിയിലെ കൂട്ടജയില്‍ചാട്ടം തീര്‍ത്ത കോളിളക്കം അവസാനിക്കും മുന്‍പേ തമിഴ്‌നാട്ടില്‍ രണ്ടിടങ്ങളിലാണ് പ്രതികള്‍ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി മുഖ്യമന്ത്രി കര്‍ശന മുന്നറിയിപ്പ് പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു അടുത്ത ജയില്‍ചാട്ടം. കോയമ്പത്തൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്ന വിചാരണ തടവുകാരനാണ് ജയില്‍ വളപ്പില്‍നിന്ന് രക്ഷപ്പെട്ടത്. ചെന്നൈ കൊളത്തൂരില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ പ്രതിയും ചാടിപ്പോയി. മുഖ്യമന്ത്രിയുടെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെ വീണ്ടും പൊലീസിന്റെ വീഴ്ച ആവര്‍ത്തിച്ചതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഡമ്മി ഭരണത്തില്‍ തടവുകാര്‍ ഇങ്കി പിങ്കി പോങ്കി ഇട്ട് രക്ഷപ്പെടുകയാണെന്നും തേനിയും കോയമ്പത്തൂരും കഴിഞ്ഞു, അടുത്തത് പാളയംകോട്ട ജയിലോ സേലം ജയിലോ ആയിരിക്കുമെന്നും പ്രതിപക്ഷ നേതാവ് ഉദയനിധി പരിഹസിച്ചു. 

ജയില്‍ സുരക്ഷ പോലും ഉറപ്പാക്കാനാകാത്ത സര്‍ക്കാര്‍ ജനങ്ങളെ എങ്ങനെ സംരക്ഷിക്കുമെന്ന് അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനിസാമി ചോദിച്ചു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി താക്കീത് നല്‍കി മണിക്കൂറുകള്‍ക്കകം അടുത്ത ജയില്‍ ചാട്ടം നടന്നെന്നും എടപ്പാടി പറഞ്ഞു. ജയില്‍ചാട്ടങ്ങള്‍ തുടര്‍ക്കഥയായതോടെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടും വീഴ്ച തുടരുന്നതില്‍ വിജയ്‌ക്ക് മേലും സമ്മര്‍ദമേറുന്നുണ്ട്.

ENGLISH SUMMARY:

Tamil Nadu prison break incidents have sparked severe political pressure on Chief Minister MK Stalin following consecutive escapes by inmates in Coimbatore and Chennai. The opposition has strongly criticized the government's security lapses and the failure of the jail department to maintain basic safety protocols.