stalin-vijay
  • 'തടവുപുള്ളികള്‍ പൊലീസുകാരെ ആക്രമിച്ച് രക്ഷപെടാന്‍ പറ്റുന്നുണ്ടെങ്കില്‍ എന്ത് സുരക്ഷയാണ് തെരുവില്‍ ജനങ്ങള്‍ക്കുള്ളത്? ചാടിപ്പോയവരെ എത്രയും വേഗം പിടികൂടണമെന്നും നിയമവാഴ്ച സംസ്ഥാനത്ത് പുനഃസ്ഥാപിക്കണം'

തേനിയിൽ 17 തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ ടിവികെ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ. ബ്രേക്കിങ് ബാഡിന് പിന്നാലെ ഇതാ 'പ്രിസൺ ബ്രേക്കും' തമിഴ്നാട്ടിൽ ആരംഭിച്ചിരിക്കുകയാണെന്നായിരുന്നു പരിഹാസം. 'ജാമ്യത്തിലിറങ്ങിയവരെ മാത്രമാണ് ഈ സർക്കാർ നിരീക്ഷിക്കാത്തത് എന്നായിരുന്നു എന്റെ വിചാരം, ഇപ്പോഴിതാ ജയിലിൽ നിന്ന് തന്നെ തടവുകാർ അനായാസം ചാടിപ്പോകുകയാണ്. അത് പോലും തടയാൻ ഈ സർക്കാരിനാകുന്നില്ല. ഒന്നിനും കൊള്ളാത്ത സർക്കാരാണിത്'- സ്റ്റാലിൻ കുറ്റപ്പെടുത്തി. 1995-ന് ശേഷം തമിഴ്നാട്ടിലുണ്ടായ ഏറ്റവും വലിയ ജയിൽചാട്ടമാണിത്. മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയും. ലഹരിക്കടത്തിൽ ടിവികെ നേതാവ് അറസ്റ്റിലായത് പരാമർശിച്ചാണ് സ്റ്റാലിന്റെ 'ബ്രേക്കിങ് ബാഡ്' പ്രയോഗം.

'1995-ന് ശേഷം ഒന്നിച്ച് ഇത്രയധികം തടവുകാർ ജയിൽ ചാടുന്നത് ആദ്യമാണെന്നാണ് കേൾക്കുന്നത്. ഈ 2026-ൽ ഇങ്ങനെ സംഭവിക്കാൻ പാടില്ലാത്തതാണ്. സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണ സംവിധാനവും പുരോഗമിച്ച കാലമല്ലേ? പുറത്തുള്ള ക്രിമിനലുകൾ സർവതന്ത്ര സ്വതന്ത്രരായി അക്രമം തുടരുന്നു. അകത്തുള്ളവരാകട്ടെ അനായാസം പുറത്തു ചാടുന്നു. ഒരുകാശിനും കൊള്ളാത്ത, കഴിവുകെട്ട ഭരണകൂടമാണിത്. ജനങ്ങളെ ഇവരാരും സംരക്ഷിക്കാൻ പോകുന്നില്ല. തമിഴ്നാട് വല്ലാതെ അധഃപതിച്ചുപോയി. ജനങ്ങൾ സ്വയം സംരക്ഷിക്കേണ്ട സ്ഥിതിയിലായി'- സ്റ്റാലിൻ തുറന്നടിച്ചു.

ജയിൽ ചാടിയവർ വിജയ് ഫാൻസാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവന്റെ വാക്കുകൾ. 'ചാടിയ ജയിൽപ്പുള്ളികൾ വിജയ് ആരാധകരാണോ അതോ ടിവികെ പ്രവർത്തകരാണോ എന്ന് അന്വേഷിക്കണം'– അദ്ദേഹം പരിഹസിച്ചു.

അണ്ണാ ഡിഎംകെ നേതാവ് പളനിസ്വാമിയും വിജയ്ക്കെതിരെ ആരോപണം കടുപ്പിച്ചു. 'തടവുകാർ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ പറ്റുന്നുണ്ടെങ്കിൽ എന്ത് സുരക്ഷയാണ് തെരുവിൽ ജനങ്ങൾക്കുള്ളത്?' ചാടിപ്പോയവരെ എത്രയും വേഗം പിടികൂടണമെന്നും നിയമവാഴ്ച സംസ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുതര സുരക്ഷാവീഴ്ചയാണ് സംഭവിച്ചതെന്നും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണെന്നും അണ്ണാ ഡിഎംകെ പറയുന്നു.

തെക്കാംപട്ടി സബ് ജയിലിൽ നിന്നും 17 വിചാരണത്തടവുകാരാണ് ഇന്ന് പുലർച്ചെ ചാടിയത്. ഇതിൽ നാലുപേരെ പിടികൂടി. ചെന്നൈയിലെ പുഴൽ ജയിലിൽ നിന്ന് രണ്ടു തടവുകാർ ജയിൽ ചാടി മണിക്കൂറുകൾക്കകമുണ്ടായ ഈ കേസ് വിജയ് സർക്കാരിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ചാടിപ്പോയ എല്ലാവരെയും ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗത്ത് സോൺ ഐജി മാധ്യമങ്ങളോട് പറഞ്ഞു. ചാടിപ്പോയ തടവുകാർ തേനി കാട്ടിൽ ഒളിച്ചിരിക്കുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇവരെ പിടികൂടുന്നതിനായി പ്രത്യേക സംഘങ്ങളെ നിയമിച്ചു. ചെക്ക്പോസ്റ്റുകളിലടക്കം തിരച്ചിൽ ശക്തമാക്കി. തടവുകാരിൽ ഒരാൾ അപസ്മാരം വന്നതായി അഭിനയിച്ചുവെന്നും ഇയാളെ ചികിത്സിക്കുന്നതിനായി ജയിൽ ഉദ്യോഗസ്ഥർ വാതിൽ തുറന്നപ്പോൾ സെല്ലിൽ നിന്ന് കൂട്ടത്തോടെ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം. 

ENGLISH SUMMARY:

Former Tamil Nadu Chief Minister and DMK leader MK Stalin has sharply criticised Chief Minister C. Joseph Vijay’s government following the escape of 17 undertrial prisoners from a sub-jail in Theni. Mocking the administration, Stalin said that after a drug-related controversy he referred to as “Breaking Bad,” Tamil Nadu was now witnessing a “Prison Break,” accusing the government of failing to maintain law and order. DMK leader TKS Elangovan also sarcastically questioned whether the escapees were Vijay fans or TVK supporters, while AIADMK leader Edappadi K. Palaniswami called for stronger security and the immediate recapture of the prisoners. Four of the 17 escapees have reportedly been caught, and police have launched search operations, suspecting that the remaining prisoners may be hiding in the Theni forest.