പിഞ്ചുകുഞ്ഞിനെയും കൈകളില്‍ എടുത്ത് നിന്ന യുവാവിന്‍റെ തോളിലേക്ക് വീണത് കൂറ്റന്‍ പാമ്പ്. മഹാരാഷ്ട്രയിലെ പ്രശസ്തമായ അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ കുടുംബത്തിലെ അംഗമായ യുവാവിന്‍റെ തോളിലേക്ക് പാറക്കെട്ടിന് മുകളിൽ നിന്നാണ് പാമ്പ് പതിച്ചത്. സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലുള്ള സഹ്യാദ്രി മലനിരകളിലെ പ്രശസ്ത മൺസൂൺ വിനോദസഞ്ചാര കേന്ദ്രമാണ് അംബോലി വെള്ളച്ചാട്ടം. കുടുംബത്തോടൊപ്പം മഴയും വെള്ളച്ചാട്ടവും ആസ്വദിക്കുകയായിരുന്ന സഞ്ചാരിയുടെ പുറത്തേക്കാണ് മുകളിൽ നിന്ന് അപ്രതീക്ഷിതമായി പാമ്പ് വീണത്. എന്നാൽ, ഇയാൾക്കോ കൂടെയുണ്ടായിരുന്ന കുഞ്ഞിനോ പ്രതികരിക്കാൻ പോലും അവസരം ലഭിക്കുന്നതിന് മുൻപ് തന്നെ പാമ്പ് നിലത്ത് വീഴുകയും പാറയിടുക്കുകളിലേക്ക് വഴുതിമാറി മറയുകയായിരുന്നു.
സംഭവം കണ്ട് പരിഭ്രാന്തരായ ചുറ്റുമുള്ള വിനോദസഞ്ചാരികൾ ഭയന്നോടുകയും നിലവിളിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. വീണത് മൂർഖനാണെന്ന് ചിലർ വിഡിയോയിൽ പറയുന്നുണ്ടെങ്കിലും പാമ്പിന്റെ വർഗ്ഗം ഏതെന്നു സ്ഥിരീകരിച്ചിട്ടില്ല. ഭാഗ്യവശാൽ ആളുകൾക്ക് പരിക്കുകളോ പാമ്പുകടിയേൽക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം.
അതേസമയം, മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിലും വനമേഖലകളിലും പോകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. നനഞ്ഞ പാറയിടുക്കുകളിലും കാടുകളിലും വന്യജീവികളും പാമ്പുകളും അഭയം പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികൾ ഇവിടങ്ങളിൽ സുരക്ഷിതമായ അകലം പാലിക്കേണ്ടതുണ്ട്.