Image: X

മഹാരാഷ്ട്രയില്‍ ജയന്റ്‌ വീലിൽ കറങ്ങുന്നതിനിടെ യുവതിയുടെ തലമുടി ബെയറിങിൽ കുടുങ്ങി തലയോട്ടിയിലെ ചര്‍മ്മം വേര്‍പ്പെട്ടു. യവത്മാൽ ജില്ലയിലെ മഹാഗാവ് താലൂക്കിൽ 'തൻഹ പോള' ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മേളയിലാണ് സംഭവം. ഫുൽസവാംഗി സ്വദേശിയായ ബാലി മാരുതി താലികോട്ടെ (25) എന്ന യുവതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വർഷം തോറും നടക്കാറുള്ള 'തൻഹ പോള' ഉത്സവത്തോടനുബന്ധിച്ച് പുനേശ്വർ മഹാദേവ് ക്ഷേത്രത്തിന് സമീപം ജയന്റ്‌ വീല്‍ നിര്‍മ്മിച്ചിരുന്നു. ജയന്റ്‌ വീല്‍ ഉയർന്ന വേഗതയിൽ കറങ്ങാൻ തുടങ്ങിയപ്പോൾ യുവതി ഇരുന്ന സീറ്റിന് പിന്നിലെ റോളിങ് ബെയറിങിലേക്ക് തലമുടി അബദ്ധത്തിൽ കുരുങ്ങിപ്പോവുകയായിരുന്നു. ചക്രം പെട്ടെന്ന് നിർത്താനാകാതെ വന്നതോടെ യുവതിയുടെ മുടി അതിശക്തമായി വലിയുകയും ശിരോചർമ്മം അടർന്നുപോവുകയായിരുന്നു. തലയോട്ടിയിലെ തൊലിയുടെ ഭൂരിഭാഗവും വേർപെട്ട നിലയിലാണ്.

അപകടം നടന്നയുടൻ യുവതി വേദനകൊണ്ട് അലറിവിളിക്കുകയും തലയില്‍ നിന്നും രക്തം വാർന്നൊഴുകുകയും ചെയ്തു. ഇതോടെ ഉത്സവപ്പറമ്പിൽ വലിയ പരിഭ്രാന്തി പടർന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സന്ദർഭോചിതമായി ഇടപെട്ട് നാട്ടുകാരുടെ സഹായത്തോടെ കറങ്ങിക്കൊണ്ടിരുന്ന ചക്രം വേഗത്തിൽ നിർത്തിക്കുകയായിരുന്നു. യുവതിയെ ഉടൻതന്നെ സുരക്ഷിതമായി താഴെയിറക്കി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് ഉത്സവപ്പറമ്പുകളിലെ അമ്യൂസ്‌മെന്റ് റൈഡുകളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയ ആശങ്ക ഉയർന്നിട്ടുണ്ട്.

ENGLISH SUMMARY:

A 25-year-old woman sustained severe injuries after her hair got entangled in the rolling bearing of a giant wheel in Maharashtra's Yavatmal district. The tragic incident occurred during the annual 'Tanha Pola' festival fair near the Puneshwar Mahadev Temple in Mahagaon taluka. As the ride spun at high speed, her hair was pulled violently, causing her entire scalp to rip off before the wheel could be stopped. Police personnel and locals intervened immediately to halt the ride, rescuing the bleeding woman and rushing her to a nearby hospital for urgent treatment.