സ്വന്തം അമ്മാവന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന മഹീന്ദ്ര ഥാർ എസ്‌യുവി വാങ്ങി യുവാവ്. മഹാരാഷ്ട്രയിലെ കൊൽഹാപൂർ ജില്ലയിലാണ് സിനിമയെ വെല്ലുന്ന ഈ സംഭവം നടന്നത്. മോഷ്ടിച്ച പണം കൊണ്ട് വാഹനം വാങ്ങിയതിന് പിന്നാലെ പുതിയ വണ്ടി പൂജിക്കാൻ അതേ അമ്മാവനെ തന്നെ ക്ഷണിച്ചുവരുത്തിയ 19കാരനാണ് ഒടുവിൽ പൊലീസിന്റെ പിടിയിലായത്.
കൊൽഹാപൂർ സ്വദേശിയായ സമര ചവാൻ എന്ന യുവാവാണ് തന്റെ അമ്മാവനായ ഉമേഷ് മാരുതി ചവാന്റെ വീട്ടിൽ മോഷണം നടത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 150 ഗ്രാം സ്വർണാഭരണങ്ങളാണ് സമര കവർന്നത്. മോഷ്ടിച്ച സ്വർണം ജ്വല്ലറിയിൽകൊണ്ടുപോയി 10 ലക്ഷം രൂപയ്ക്ക് വിറ്റു. ആ പണം ഉപയോഗിച്ചാണ് സമര ചവാന്‍ പുത്തൻ താർ സ്വന്തമാക്കിയത്.
വീട്ടിൽ ഒരു പൂജയ്ക്കായി സ്വർണം നോക്കിയപ്പോഴാണ് അമ്മാവനായ ഉമേഷ് തന്റെ ഭാര്യയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. വീട്ടിലുള്ളവരാരെങ്കിലും തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയിച്ച കുടുംബം ഉടൻ തന്നെ പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സമര പിടിയിലാകുന്നത്. ജോലിയോ മറ്റ് സ്ഥിരവരുമാനമോ ഇല്ലാത്ത ഇയാള്‍ ആഡംബര വാഹനം വാങ്ങിയതാണ് സംശയത്തിടയാക്കിയത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ യുവാവ് കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച സ്വർണം വാങ്ങിയ ജ്വല്ലറി ഉടമയെയും പൊലീസ് പ്രതിചേർത്തിട്ടുണ്ട്. ആഢംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.