തെക്കൻ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുൻ എയർ ഇന്ത്യ പൈലറ്റിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫ്ലൈറ്റ് ക്യാപ്റ്റന്‍ സണ്ണി അസൽദേക്കറാണ് മരിച്ചത്. വസന്ത് കുഞ്ചിലുള്ള 'ദി ഗ്രാൻഡ്' ഹോട്ടലിലെ മുറിയിലായിരുന്നു മൃതദേഹം.
സെപ്റ്റംബർ 10-നാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത്. തൊട്ടടുത്ത ദിവസം മുതൽ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ആശങ്കാകുലനായ സഹോദരൻ ഹോട്ടൽ മാനേജരെ വിവരമറിയിക്കുകയായിരുന്നു. മാനേജരും ജീവനക്കാരും എത്തി പരിശോധിച്ചപ്പോൾ മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് സണ്ണിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും മറ്റ് വിദഗ്ദ്ധ പരിശോധനാ ഫലങ്ങളും ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.