ANI PHOTO
തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യ നികേതനിൽ ആറുനില കെട്ടിടം തകർന്നു വീണു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇതിനകം ആറുപേരെ രക്ഷപ്പെടുത്തിയതായും ആശുപത്രിയിലേക്ക് മാറ്റിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഉച്ചയ്ക്ക് 1:30-ഓടെയാണ് പേയിങ് ഗസ്റ്റ് (പിജി) കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നുവീണതായി അഗ്നിശമന സേനയ്ക്ക് വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തിരച്ചിൽ തുടരുകയാണെന്നും അവശിഷ്ടങ്ങൾ മാറ്റിയ ശേഷമേ കുടുങ്ങിക്കിടക്കുന്നവരുടെ കൃത്യമായ എണ്ണം വ്യക്തമാകൂ എന്നും പൊലീസ് പറയുന്നു.
അതേസമയം, നിരവധി വിദ്യാർഥികളാണ് ഇവിടെ താമസിച്ചിരുന്നത്. അപകടസമയത്ത് അമ്പതോളം വിദ്യാർഥികളെങ്കിലും കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതായി കരുതുന്നതായി ഒരു ദൃക്സാക്ഷി പറഞ്ഞു. ഞായറാഴ്ചയായതിനാൽ ഭൂരിഭാഗം പേരും മുറികളിൽ തന്നെയുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ജെസിബി ഉപയോജിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നുണ്ടെങ്കിലും വലിയ കോൺക്രീറ്റ് സ്ലാബുകളും ഇരുമ്പ് ഗർഡറുകളും മാറ്റാൻ കൂടുതൽ യന്ത്രങ്ങൾ എത്തിക്കുന്നുണ്ട്. ദുരന്തനിവാരണ സേനയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
കെട്ടിടം തകരാനുണ്ടായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മഴയും കെട്ടിടത്തിന്റെ പഴക്കവുമാണ് അപകടത്തിന് വഴിവെച്ചതെന്നാണ് കരുതുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുകയാണെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യക്തമാക്കി. മുൻകരുതലിന്റെ ഭാഗമായി സമീപത്തെ കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കാനും ദുരിതബാധിത കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.