തമിഴ്നാട്ടിലെ മധുരയില്‍ കാമുകിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞ യുവാവ് അറസ്റ്റില്‍. കേസില്‍ 23കാരനായ നാഗാര്‍ജുനയെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകി ഒരാഴ്ചയോളം തന്നോട് സംസാരിക്കാത്തതിനാല്‍ മദ്യപിച്ചെത്തിയ ഇയാള്‍ കാമുകിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബെറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നാഗാര്‍ജുനയും യുവതിയും ആറ് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിസിടിവി ദൃശ്യങ്ങളിൽ നാഗാർജുന ഒരു കുപ്പി കത്തിക്കുന്നതായി കാണാം. കത്തിച്ച കുപ്പി ഇയാള്‍ അടുത്തുള്ള വീട്ടിലേക്ക് എറിയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അബദ്ധത്തില്‍ അത് നാഗാര്‍ജുനയുടെ അടുത്തേക്ക് തന്നെ വന്നുവീഴുന്നുണ്ട്. ഉടനെ അയാള്‍ ഓടി മാറുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവം നടക്കുമ്പോൾ മറ്റൊരാൾ അടുത്തുള്ള കടയ്ക്ക് പുറത്ത് ഉറങ്ങുന്നതും കാണാം. ഭാഗ്യംകൊണ്ടുമാത്രമാണ് സ്ഥലത്ത് തീപിടിക്കാത്തത്. നാഗാർജുനയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
കുറ്റകൃത്യം, ക്രമസമാധാനം, സ്ത്രീ സുരക്ഷ എന്നിവയില്‍ തമിഴ്‌നാട് നിയമസഭയിൽ ഡിഎംകെയും ടിവികെയും തമ്മിൽ ചൂടേറിയ ചർച്ച നടക്കുന്നതിലിടെയാണ് ഈ സംഭവം. സംസ്ഥാനത്ത് കൊലപാതകങ്ങൾ, ലൈംഗിക കുറ്റകൃത്യങ്ങൾ, കസ്റ്റഡി മരണങ്ങൾ, ദുരഭിമാന കൊലപാതകങ്ങൾ എന്നിവ വർധിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആരോപിച്ചു. ടിവികെ ഭരണത്തിൽ വന്നതിന് ശേഷം തമിഴ്നാട്ടില്‍ 116 ദിവസത്തിനുള്ളിൽ 200 കൊലപാതകങ്ങൾ, പത്ത് ദുരഭിമാന കൊലപാതകങ്ങൾ, എട്ട് കസ്റ്റഡി മരണങ്ങൾ എന്നിവ നടന്നെന്നും അദ്ദേഹം പറഞ്ഞു.