• ക്ഷേത്രത്തിനുള്ളില്‍ നിന്നുള്ള ഫോട്ടോയെടുക്കല്‍, വിഡിയോ ചിത്രീകരണം, സെല്‍ഫികള്‍, റീല്‍സ് എന്നിവയ്ക്കാണ് വിലക്ക്. ഇതിന് പുറമെ വിഗ്രഹങ്ങളുടെ ചിത്രം പകര്‍ത്തുന്നതിനും വിലക്കുണ്ട്. വിഐപികള്‍ക്കും, ചലച്ചിത്ര താരങ്ങള്‍ക്കും വിലക്ക് ബാധകമാണ്

അമ്പലങ്ങള്‍ക്കുള്ളില്‍ മൊബൈല്‍ ഫോണുമായി കയറുന്നതിന് വിലക്കേര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. പ്രധാനപ്പെട്ട 52 ക്ഷേത്രങ്ങളിലാണ് മൊബൈല്‍ ഫോണിന് വിലക്ക്. മൊബൈല്‍ കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതുമാണ് വിലക്കിയത്. മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ അഞ്ചു രൂപ ഈടാക്കി കൗണ്ടറില്‍ പ്രത്യേക സൗകര്യമേര്‍പ്പെടുത്തും. അതേസമയം, ക്യാമറ സൗകര്യമില്ലാത്ത മൊബൈല്‍ ഫോണുകള്‍ ക്ഷേത്രങ്ങള്‍ക്കുള്ളിലേക്ക് കൊണ്ടുപോകാം.ക്ഷേത്രത്തിനുള്ളില്‍ നിന്നുള്ള ഫോട്ടോയെടുക്കല്‍, വിഡിയോ ചിത്രീകരണം, സെല്‍ഫികള്‍, റീല്‍സ് എന്നിവയ്ക്കാണ് വിലക്ക്. ഇതിന് പുറമെ വിഗ്രഹങ്ങളുടെ ചിത്രം പകര്‍ത്തുന്നതിനും വിലക്കുണ്ട്. വിഐപികള്‍ക്കും, ചലച്ചിത്ര താരങ്ങള്‍ക്കും വിലക്ക് ബാധകമാണ്. 

മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ആരാധനാലയങ്ങളുടെ ചുമതലുള്ള മന്ത്രി രമേഷാണ് തീരുമാനം പ്രഖ്യാപിച്ചത്. ക്ഷേത്രത്തിലെത്തുന്ന യുവാക്കള്‍ ഫോട്ടോയും റീല്‍സ് ചിത്രീകരണവും നടത്തുന്നത് ഭക്തര്‍ക്ക് അലോസരമുണ്ടാക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ കോടതി ഇടപെട്ടത്. 

പുതിയ സംവിധാനം അനുസരിച്ച് ക്ഷേത്ര കവാടത്തോട് ചേര്‍ന്ന കൗണ്ടറില്‍ ഫോണുകള്‍ സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫോണ്‍ സ്വീകരിച്ച േശഷം ടോക്കണ്‍ നല്‍കും. മൊബൈല്‍ ഉടമയുടെ ഫോട്ടോ, മൊബൈല്‍ ഫോണിന്റെ മോഡല്‍, നമ്പര്‍ എന്നിവ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തും. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തി ടോക്കണ്‍ നല്‍കുമ്പോള്‍ ഫോണും നല്‍കും. ഉത്തരവ് രാവിലെ ആറുമണി മുതല്‍ പ്രാബല്യത്തില്‍ വന്നു. മൊബൈല്‍ ഫോണുമായി ക്ഷേത്രത്തില്‍ കടക്കാനാവില്ലെന്ന് വ്യക്തമാക്കി ബഹുഭാഷകളിലുള്ള ബോര്‍ഡുകളും ക്ഷേത്ര പരിസരത്ത് സ്ഥാപിക്കും.

സമ്മിശ്ര പ്രതികരണമാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭക്തരില്‍ നിന്നുമുണ്ടായെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയൊരു വിഭാഗം ആളുകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍ ഈ നടപടി കൗണ്ടറുകളില്‍ അനാവശ്യ തിരക്ക് സൃഷ്ടിക്കുമെന്നാണ് മറുവാദം. 2022 ഡിസംബര്‍ രണ്ടിന് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചാണ് ഇത് സംബന്ധിച്ച് ആദ്യം നിര്‍ദേശങ്ങള്‍ നല്‍കിയത്. ക്ഷേത്രങ്ങള്‍ക്കുള്ളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കണമെന്ന് ചൂണ്ടിക്കാട്ട സീതാരാമന്‍ എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു നടപടി. 

ENGLISH SUMMARY:

The Tamil Nadu government has banned mobile phones inside 52 major temples across the state to maintain sanctity and prevent inconvenience to devotees. The restriction targets photography, selfie-taking, video recording, reels, and capturing images of deities, with no exemptions for VIPs or celebrities. Keypads or non-camera phones remain allowed, while smartphone storage counter facilities are being provided at temple entrances for a nominal five-rupee fee. The decision stems from directives issued by the Madras High Court following a public interest litigation regarding disturbances caused by temple photography.