പിതാവിന്റെ ചികിത്സയിൽ തൃപ്തിയില്ലാത്തതിനെ തുടർന്ന് ഡോക്ടറെ കയ്യേറ്റം ചെയ്ത് രോഗിയുടെ മകൻ. മഹാരാഷ്ട്രയിലെ കല്യാണിലെ സ്വകാര്യ ആശുപത്രിയിൽ ഓഗസ്റ്റ് 23നാണ് സംഭവം. വാരിയെല്ല് തകർന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജയ്‌വന്ത് ദേശ്മുഖും ഇയാളുടെ മകൻ വിനീതും ഡോക്ടർ ജയ്‌സ്വാളിനെ കാണാനെത്തിയതായിരുന്നു.

താൻ ചികിത്സാരീതി വിശദീകരിക്കുന്നതിനിടെ വിനീത് അപ്രതീക്ഷിതമായി കുപിതനായെന്നാണ് ഡോക്ടർ പറഞ്ഞത്. എന്നാൽ പിതാവിനോട് സംസാരിച്ച രീതി തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് വിനീത് പറഞ്ഞു. തുടർന്ന് കുപിതനായ വിനീത് പിതാവിനൊപ്പം കാബിനിൽനിന്ന് പുറത്തേക്ക് കടന്നു.

നിമിഷങ്ങൾക്കകം തിരിച്ചെത്തിയ വിനീത് ഡോക്ടറെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഡോക്ടറെ മർദിക്കുന്നതും തലയിൽ തുടർച്ചയായി ഇടിക്കുന്നതും തല ചുവരിൽ ചേർത്ത് ഇടിക്കുന്നതുമെല്ലാം സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. തന്റെ പിതാവിന്റെ ചികിത്സയിൽ വിനീത് തൃപ്തനാകാത്തതാണ് ആക്രമണത്തിന് കാരണമെന്ന് കല്യാൺ പൊലീസ് പറഞ്ഞു.
വിഐപി ദര്‍ശനം വേണം; പൊലീസ് ഉദ്യോഗസ്ഥയുടെ കരണത്തടിച്ച് എംഎല്‍എയുടെ മകള്‍; തിരിച്ചടിച്ചു...

പൊലീസ് കേസെടുത്തതോടെ വിനീത് ഒളിവിൽ പോയി. മർദനത്തിൽ സാരമായി പരുക്കേറ്റ ഡോക്ടർ ജയ്‌സ്വാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ENGLISH SUMMARY:

A patient's son assaulted a doctor due to dissatisfaction with his father's treatment. The incident, captured on CCTV, occurred in a private hospital in Kalyan, Maharashtra, leading to the son fleeing and the doctor being hospitalized.