മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കുന്നിന്‍മുകളില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയേറുന്നു. ഐഫോണിന്‍റെ മാസത്തവണ മുടങ്ങിയതില്‍ മാതാപിതാക്കൾ ശകാരിച്ചതിനെ തുടര്‍ന്ന് 19കാരനായ കുനാൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ബന്ധുക്കള്‍ വെളിപ്പെടുത്തിയത് പ്രകാരം സങ്കീര്‍ണമായ കുടുംബപ്രശ്നങ്ങളാണ് കൂട്ട ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന.
കുനാലിന്‍റെ അമ്മ സംഗീതയുടെ കുടുംബാംഗങ്ങൾ പറയുന്നത് പ്രകാരം, സംഗീതയും ഭർത്താവ് മുരളീധറും തമ്മിൽ വർഷങ്ങളായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെന്നാണ്. സ്വത്തുമായി ബന്ധപ്പെട്ട തർക്കം ഇരുവരെയും അകറ്റിയിരുന്നു. മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് കുടുംബത്തെ ഒന്നിപ്പിക്കണമെന്ന ആഗ്രഹം കുനാലിനുണ്ടായിരുന്നുവെന്നും അവർ പറയുന്നു. എംബിബിഎസ് പഠനം സ്വപ്നം കണ്ടിരുന്ന കുനാൽ ഈ വർഷം സിബിഎസ്ഇ പരീക്ഷയിൽ 82 ശതമാനം മാർക്ക് നേടിയിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി.
എന്നാൽ മുരളീധറിന്‍റെ കുടുംബം പ്രതികരിക്കുന്നത് ഇതില്‍ നിന്ന് വിഭിന്നമായാണ്. സംഗീതയും മുരളീധറും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇതേ തുടര്‍ന്ന് മുരളീധർ കുടുംബത്തിൽ നിന്ന് അകന്നു കഴിയുകയായിരുന്നു. മാത്രമല്ല സംഗീതയുടെയും മുരളീധറിന്‍റെയും ചിന്താഗതികൾ തമ്മിലും വലിയ അന്തരമുണ്ടായിരുന്നു മാത്രമല്ല ഇരുവര്‍ക്കുമിടയില്‍ വർഷങ്ങളായി അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നെന്നും അവർ ആരോപിക്കുന്നു.
വിഐപി ദര്‍ശനം വേണം; പൊലീസ് ഉദ്യോഗസ്ഥയുടെ കരണത്തടിച്ച് എംഎല്‍എയുടെ മകള്‍; തിരിച്ചടിച്ചു...
ഇതോടെ ഐഫോണിന്‍റെ മാസത്തവണ മുടങ്ങിയതിനെ തുടർന്നുണ്ടായ ആത്മഹത്യായായി ഇതിനെ കാണാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കുനാൽ മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും 2025ലും സമാനമായ സംഭവമുണ്ടായിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.
ഫോണിന്‍റെ മാസത്തവണ മുടങ്ങിയതിനെ തുടര്‍ന്ന് മാതാപിതാക്കൾ ശകാരിച്ചതിൽ മനംനൊന്ത് കുനാല്‍ സംഭാജിനഗറിലെ കുന്നിൻമുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത. മകനെ പിന്തിരിപ്പിക്കാനായി പിന്നാലെയെത്തിയ പിതാവ് മുരളീധറും കുനാലിനൊപ്പം താഴേക്ക് വീഴുണു. സംഭവം നേരിൽ കണ്ട അമ്മ സംഗീതയും പിന്നാലെ കുന്നിൻമുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കുടുംബത്തിലെ ദീർഘകാല പ്രശ്നങ്ങൾ, കുനാലിന്റെ മുൻകാല ആത്മഹത്യാശ്രമം, സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട മാനസിക ആഘാതം തുടങ്ങിയവയും അന്വേഷണത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് പൊലീസ്. അതിനാൽ തന്നെ ഒരു ഫോൺ അടവിന്റെ പേരിലുണ്ടായ ദുരന്തമെന്നതിലുപരി, കുടുംബത്തിനുള്ളിലെ പലതട്ടിലുള്ള പ്രശ്നങ്ങളിലേക്ക് അന്വേഷണം നീളുകയാണ്.