Image Crdit:X

  • കോക്രോച്ച് ജനത പാര്‍ട്ടി നേതാവ് അശുതോഷ് റങ്കയെയും വൊളന്റിയര്‍മാരെയും ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തെന്ന് പരാതി. രാജസ്ഥാന്‍ പൊലീസിന്റെ ഒത്താശയോടെയാണ് ആക്രമണമെന്ന് അഭിജീത് ദീപ്കെ

രാജസ്ഥാനിലെ ജയ്പുരില്‍ സ്കൂള്‍ സന്ദര്‍ശിക്കാനെത്തിയ കോക്രോച്ച് ജനത പാര്‍ട്ടി നേതാവ് അശുതോഷ് റങ്കയെയും വൊളന്റിയര്‍മാരെയും ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തെന്ന് പരാതി. രാജസ്ഥാന്‍ പൊലീസിന്റെ ഒത്താശയോടെയാണ് ആക്രമണമെന്ന് അഭിജീത് ദീപ്കെ ആരോപിച്ചു. സ്കൂളില്‍ വിദ്യാര്‍ഥികളെ തൊഴുത്തിലിരുത്തി പഠിപ്പിക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സന്ദര്‍ശനത്തിനെത്തിയതായിരുന്നു സിജെപി നേതാക്കള്‍. ഗ്രാമത്തിലേക്ക് കടക്കാനെത്തിയ സിജെപി പ്രവര്‍ത്തകരെ തടയുകയും ബിജെപി അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും പരാതിയുണ്ട്.

ഗ്രാമവാസികളല്ല, ബിജെപി ഇറക്കിയ ഗുണ്ടകളാണ് ആക്രമണവും സംഘര്‍ഷാവസ്ഥയുമുണ്ടാക്കിയതെന്ന് സിജെപി കോ–കണ്‍വീനര്‍ അശുതോഷ് റങ്ക ആരോപിച്ചു. ' സാധാരണക്കാരുടെ ഭൂമി കയ്യേറി അവരുടെ നേതാവ് കമാല്‍ പ്രധാനും സംഘവും ചില കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. തൊഴുത്തില്‍ കന്നുകാലികള്‍ക്കൊപ്പമാണ് കുട്ടികളെ ഇരുത്തി പഠിപ്പിച്ചിരുന്നത്. ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് ബിജെപിക്കാര്‍ ഗുണ്ടാസംഘത്തെ ഇറക്കിയത്. ഇത് ലജ്ജാകരമാണ്'- അശുതോഷ് റങ്ക എക്സില്‍ കുറിച്ചു. 

നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരം വലിയ വിജയമായിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ പലയിടങ്ങളിലും വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകളും പ്രതിസന്ധികളും പരിഹരിക്കണമെന്ന് ആവശ്യമുയരുകയും സിജെപി അതിനെ പിന്തുണയ്ക്കുകയും ചെയ്തു. രാജസ്ഥാനിലെ സ്കൂളുകളില്‍ പഠനയോഗ്യമായ സ്ഥിതിയുണ്ടാക്കണമെന്നും ക്ലാസ്റൂമുകളും ശുചിമുറികളും കുടിവെള്ള സൗകര്യവും സജ്ജമാക്കണമെന്നും സിജെപി ആവശ്യമുയര്‍ത്തി. എന്നാല്‍ സര്‍ക്കാര്‍ പന്ത്രണ്ടര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും സ്കൂളിന്റെ കാര്യം തങ്ങള്‍ നോക്കിക്കോളാമെന്നും പുറത്ത് നിന്നുള്ളവര്‍ ഇടപെടേണ്ടതില്ലെന്നും ഗ്രാമവാസികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

ENGLISH SUMMARY:

Cockroach Janata Party (CJP) leader Ashutosh Runkha and several volunteers were allegedly assaulted by BJP workers during a school visit in Jaipur, Rajasthan. The CJP delegation had arrived to inspect a school following reports that students were being made to study inside a cattle shed alongside livestock. CJP leaders claimed that the attackers were goons deployed by the BJP to disrupt their visit and prevent them from questioning local conditions. Meanwhile, local villagers responded that ₹12.5 lakh had been sanctioned by the government and external interference was unnecessary.