നിർത്തിയിട്ടിരുന്ന ട്രെയിനിന് മുകളിൽ കയറിയ യുവാവിന് ഹൈവോൾട്ടേജ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പൊള്ളലേറ്റു. ശരീരത്തിൽ നിന്ന് പുക ഉയരുന്നതും പൊള്ളലേറ്റ് തൊലി അടർന്നുപോയതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുംബൈ ഘാട്കോപ്പർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
റിപ്പോർട്ടുകൾ പ്രകാരം 30 വയസ്സുള്ള യുവാവാണ് ട്രെയിനിന് മുകളിൽ കയറി ഹൈവോൾട്ടേജ് ലൈനുമായി സമ്പർക്കത്തിൽപ്പെട്ടത്. ഓഗസ്റ്റ് 18ന് വൈകിട്ട് 6.33ഓടെയായിരുന്നു സംഭവം. ഷോക്കേറ്റതിനെ തുടർന്ന് നെഞ്ചിലും വയറിലും കൈകളിലും ഗുരുതരമായി പൊള്ളലേറ്റു.
സംഭവത്തിന്‍റെ ദൃശ്യങ്ങളിൽ യുവാവ് ട്രെയിനിന് മുകളിൽ കിടന്നുരുളുന്നതും ശരീരത്തിൽ നിന്ന് പുക ഉയരുന്നതും കാണാം. പൊള്ളലേറ്റതിനെ തുടർന്ന് ശരീരത്തിലെ ചില ഭാഗങ്ങളിൽ തൊലി അടർന്നുപോയി മാംസം പുറത്തുകാണുന്ന നിലയിലായിരുന്നു. യുവാവിന്‍റെ പേരോ വിലാസമോ ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇയാളുടെ കൈവശം തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ലോക്കൽ ട്രെയിനിന്‍റ മുകളിൽ യുവാവ് എന്തിനാണ് കയറിയതെന്നും വ്യക്തമല്ല.
സമൂഹമാധ്യമ റീൽ ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെയാണോ അപകടമുണ്ടായതെന്ന് ഉൾപ്പെടെ കുർള റെയിൽവേ പൊലീസ് അന്വേഷിച്ചുവരികയാണ്. മറ്റ് കാരണങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനായി റെയിൽവേ ലൈനിലെ വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിവെച്ചു. ഇതോടെ മുംബൈ ലോക്കൽ ട്രെയിൻ സർവീസുകൾക്ക് കുറച്ചുസമയം നിയന്ത്രണവും കാലതാമസവും നേരിട്ടു.
ഏകദേശം 45 ശതമാനം പൊള്ളലേറ്റ യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.