മധ്യപ്രദേശില്‍ സഹപാഠികളായ പെൺകുട്ടികളെ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥി. ഗുണയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഇത് സംബന്ധിച്ച് പരാതിയുമായി പെൺകുട്ടികള്‍ പ്രിൻസിപ്പലിനെ സമീപിച്ചപ്പോൾ ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്ന് പ്രിൻസിപ്പൽ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. പിന്നാലെ വിദ്യാര്‍ഥിനികളുടെ കുടുംബവും നാട്ടുകാരും പ്രതിഷേധവുമായി എത്തുകയും ചെയ്തു.

ഗുണയിലെ ആരോൺ ബ്ലോക്കിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. വെള്ളക്കുപ്പിയിൽ മൂത്രം കലർത്തി വിദ്യാർഥി സഹപാഠികളായ രണ്ട് പെൺകുട്ടികളെക്കൊണ്ട് കുടിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പെൺകുട്ടികൾ പ്രിൻസിപ്പലിനോട് പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ വായിൽ ദുർഗന്ധമുണ്ടെങ്കിൽ പത്തുരൂപയുടെ ചോക്ലേറ്റ് വാങ്ങി കഴിക്കാനാണ് പ്രിന്‍സിപ്പല്‍ പറഞ്ഞതെന്നാണ് ആരോപണം. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഗുണ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്. പ്രിൻസിപ്പലിന് കാരണം കാണിക്കൽ നോട്ടിസും നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മറ്റ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

സംഭവം പുറത്തറിഞ്ഞതോടെ പെൺകുട്ടികളുടെ കുടുംബങ്ങളും നാട്ടുകാരും സ്കൂളിന് മുന്നിൽ പ്രതിഷേധവുമായെത്തി. പ്രതിയായ വിദ്യാർഥിക്കെതിരെയും പ്രിൻസിപ്പലിനെതിരെയും കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു. സ്കൂൾ പൂട്ടിയിട്ടായിരുന്നു പ്രതിഷേധം. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളും സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു. വിഷയത്തിൽ രണ്ട് ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോൺ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു. 

ENGLISH SUMMARY:

A fifth-grade student in Madhya Pradesh's Guna district allegedly forced two female classmates to drink water mixed with urine. When the victims reported the disturbing incident to the school principal, she dismissively told them to eat chocolate to get rid of the foul smell. This apathy sparked fierce protests from the students' families and local residents, who locked the school gates demanding strict action. Consequently, the district magistrate ordered an immediate inquiry, and the principal was issued a show-cause notice.