പട്ടം പറത്തൽ മത്സരങ്ങളുടെ കാലമാണ് ഉത്തരേന്ത്യയിൽ. കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് കൂട്ടത്തോടെ പട്ടങ്ങൾ പറത്തി, മറ്റ് പട്ടങ്ങളുടെ നൂൽ അറുക്കുന്നത് വലിയൊരു വിഭാഗം ആളുകളുടെ ഇഷ്ടവിനോദമാണ്. പണ്ട് ഇതിനായി പട്ടത്തിന്‍റെ കോട്ടൺ നൂലിൽ ഗ്ലാസ് പൊടി പശയോടൊപ്പം ചേർത്ത് ഒട്ടിച്ചാണ് ഉപയോഗിച്ചിരുന്നത്. ഇത് ശരീരത്തിൽ തട്ടിയാൽ പോറലേൽക്കുമെങ്കിലും നൂലിന് കട്ടി കുറവായതിനാൽ പെട്ടെന്ന് പൊട്ടിപ്പോകും.
എന്നാൽ, ഈയിടെയായി ഇത്തരം മത്സരപ്പട്ടങ്ങൾക്കായി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നൈലോൺ, പ്ലാസ്റ്റിക് പട്ടനൂലുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. നേരിയ മൂർച്ചയുള്ള ഇത്തരം നൂലുകൾ പെട്ടെന്ന് പൊട്ടിപ്പോകില്ല. ഇതാണ് അപകടസാധ്യത വർധിപ്പിക്കുന്നതും. ഇത്തരമൊരു പട്ടനൂൽ കഴുത്തിൽ തട്ടി ആഴത്തിൽ മുറിവേറ്റ യുവാവിന്‍റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. @nikhilsharmaaa_ എന്ന അക്കൗണ്ടിൽ നിന്നാണ് നിഖിൽ ശർമ തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് വിഡിയോ പങ്കുവച്ചത്.
യുവാവിന്‍റെ കഴുത്തിൽ പട്ടനൂൽ തട്ടി നീളത്തിൽ മുറിഞ്ഞ പാടും വിഡിയോയിൽ കാണാം. ഓഗസ്റ്റ് ഒൻപതിന് നോയിഡയിലെ സുഹൃത്തിന്‍റെ വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിഡിയോയിൽ നിഖിൽ പറയുന്നത്. പെട്ടെന്ന് ഒരു പട്ടത്തിന്‍റെ നൂൽ പറന്നുവന്ന് നിഖിലിന്‍റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. നൂൽ വലിഞ്ഞതോടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടായി.
തുടർന്ന് മുറിവിന് ചികിത്സ തേടി യുവാവ് ആശുപത്രിയിലെത്തി. ഡോക്ടർമാരുടെ വാക്കുകൾ കേട്ടതോടെ നിഖിൽ ഞെട്ടി. പട്ടനൂൽ ആഴത്തിലാണ് കഴുത്തിൽ കുടുങ്ങിയിരുന്നതെന്നും സമാനമായ രീതിയിൽ നൂൽ കുടുങ്ങി കഴുത്ത് മുറിഞ്ഞ് ആളുകൾ മരിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞതായി യുവാവ് വിഡിയോയിൽ പറയുന്നു.
ബൈക്ക് ടാക്സിയില്‍ ലൈംഗികാതിക്രമം; കൈ പിന്നോട്ടിട്ട് ജനനേന്ദ്രിയത്തില്‍ പിടിച്ചു; വിഡിയോ എടുത്ത് 17ക...
നിഖിലിന്‍റെ കഴുത്തിലെ മുറിവ് പ്രധാന ഞരമ്പിന് തൊട്ടടുത്തായിരുന്നു. അൽപം കൂടി ആഴത്തിൽ മുറിഞ്ഞിരുന്നെങ്കിൽ അമിത രക്തസ്രാവത്തെ തുടർന്ന് മരണം സംഭവിക്കുമായിരുന്നുവെന്നും യുവാവ് പറയുന്നു. വർഷംതോറും മൃഗങ്ങളും പക്ഷികളും മനുഷ്യരും പൊട്ടിവീഴുന്ന പട്ടനൂൽ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നുണ്ട്. ഇത്തരം അപകടങ്ങൾ കണക്കിലെടുത്ത് പട്ടം പറത്തൽ നിരോധിക്കണമെന്നാണ് നിഖിൽ വിഡിയോയിലൂടെ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നത്.
2026 ജനുവരിയിൽ മകരസംക്രാന്തി ആഘോഷങ്ങൾക്കിടെ സൂറത്തിൽ ഫ്ലൈഓവറിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുടുംബവും പട്ടനൂൽ കുടുങ്ങി അപകടത്തിൽപ്പെട്ടിരുന്നു. ഓഗസ്റ്റ് 15ന് ഡൽഹി-മീററ്റ് എക്സ്പ്രസ് വേയിൽ ബൈക്കിന്‍റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന 25കാരന്‍റെ കഴുത്തിൽ പട്ടനൂൽ കുടുങ്ങി മരിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സിന്തറ്റിക് പട്ടനൂൽ വൈദ്യുത ലൈനിൽ തട്ടി ഡൽഹിയിൽ 17കാരന് ഷോക്കേറ്റ സംഭവവും ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു. പട്ടം പറത്താനുള്ള ആവേശത്തിനിടെ അശ്രദ്ധമായി വലിച്ചെറിയപ്പെടുന്ന ഇത്തരം പട്ടനൂലുകൾ മനുഷ്യർക്കും പക്ഷികൾക്കും മൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയാകുകയാണ്.