കര്‍ണാടകയെ ഞെട്ടിച്ച രേണുകാസ്വാമി കൊലക്കേസില്‍ നടന്‍ ദര്‍ശനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ദര്‍ശന്‍റെ ഉറ്റ അനുയായിയും കൊലപാതകം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ആളുമായ പ്രദൂഷ് റാവു കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വെളിപ്പെടുത്തലുകളും പുറത്തുവന്നത്. 2024 ജൂണ്‍ എട്ടിന് നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളായിരുന്നുവെന്നും നടന്നതെല്ലാം താന്‍ ഏറ്റുപറയാമെന്നും ദര്‍ശന്‍റെ പങ്കെന്തെന്ന് കൃത്യമായി അറിയിക്കാമെന്നും റാവുവിന്‍റെ മാപ്പപേക്ഷയില്‍ പറയുന്നു. Also Read:‘കയ്യിൽ പൂപ്പൽ, ദുർഗന്ധമുള്ള വസ്ത്രം, ജയിലിൽ ജീവിക്കാൻ വയ്യ’; ജഡ്ജിയോട് വിഷം ചോദിച്ച് ദർശൻ
കാമാക്ഷിപല്യയിലെ ഷെഡിലേക്കെത്തിച്ച രേണുകാസ്വാമിയെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്നും നടിയും ദര്‍ശന്‍റെ കാമുകിയുമായ പവിത്ര ഗൗഡയുടെ ചെരിപ്പ് കൊണ്ട് ആദ്യം മുഖത്തടിച്ചുവെന്നും പിന്നാലെ വടി കൊണ്ട് ദര്‍ശനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദിക്കാന്‍ തുടങ്ങിയെന്നും റാവു പറയുന്നു. പവിത്രയുടെ സമൂഹമാധ്യമ അക്കൗണ്ടിലേക്ക് രേണുകാസ്വാമി അയച്ച മെസജുകള്‍ ഉറക്കെ വായിച്ചാണ് മര്‍ദിച്ചതെന്നും ദര്‍ശന്‍ നിലത്തിരിക്കുകയും ഒപ്പമുള്ളവര്‍ ചുറ്റിലും നില്‍ക്കുകയുമായിരുന്നുവെന്നും റാവു പറയുന്നു. മെസജുകള്‍ വായിച്ചു തീര്‍ന്നതിന് പിന്നാലെ കഴുത്തിലും നെഞ്ചിലും ഇടിച്ചു പിന്നാലെ നിലത്ത് വീണുകിടന്ന രേണുകാസ്വാമിയെ മലര്‍ത്തിക്കിടത്തി നെഞ്ചില്‍ ആഞ്ഞു ചവിട്ടിയെന്നും റാവു പറയുന്നു.
രേണുകാസ്വാമിയുടെ ഫോണില്‍ നിന്നും വേറെ സ്ത്രീകള്‍ക്കും ഇതുപോലെ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചും മര്‍ദിച്ചു. ഇനിയും തല്ലിയാല്‍ ചത്തുപോകുമെന്ന് താന്‍ ദര്‍ശനെ വിലക്കിയെന്നും പക്ഷേ കേള്‍ക്കാന്‍ ദര്‍ശന്‍ തയാറായില്ലെന്നും റാവു പറയുന്നു. രേണുകാസ്വാമിയുടെ സ്വകാര്യഭാഗങ്ങളില്‍ ഷോക്കേല്‍പ്പിച്ചുവെന്നും ജനനേന്ദ്രിയം ഞെരിച്ചുവെന്നും റാവുവിന്‍റെ മൊഴിയിലുണ്ട്. അല്‍പ സമയത്തിനുള്ളില്‍ രേണുകാസ്വാമി മരിച്ചതായി ഡ്രൈവര്‍ വന്ന് പറഞ്ഞുവെന്നും ഉടന്‍ തന്നെ താന്‍ വിവരം ദര്‍ശനെ അറിയിച്ചുവെന്നുമാണ് റാവു അവകാശപ്പെടുന്നത്.
രേണുകാസ്വാമി മരിച്ചുവെന്ന് ഉറപ്പാക്കിയതിന് പിന്നാലെ കൊലപാതകം മറച്ചുവയ്ക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തു. 15 ലക്ഷം രൂപ എടുത്തു നല്‍കിയ ദര്‍ശന്‍, കൊലക്കേസില്‍ കീഴടങ്ങാന്‍ തയാറായ രണ്ടുപേരെ കൊണ്ടുവരാന്‍ അനുയായികളോട് ആവശ്യപ്പെട്ടുവെന്നും സാമ്പത്തിക തര്‍ക്കത്തില്‍ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കണമെന്ന് പറഞ്ഞുവെന്നും റാവുവിന്‍റെ മൊഴിയില്‍ വിശദീകരിക്കുന്നു. സമയം വൈകുന്നത് കാര്യങ്ങള്‍ വഷളാക്കുമെന്ന് തിരിച്ചറിഞ്ഞതോടെ രേണുകാസ്വാമിയുടെ മൃതദേഹം വെള്ള സ്കോര്‍പിയോയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് ദര്‍ശനെയും തന്നെയും പിടികൂടിയ ശേഷവും രേണുകാസ്വാമിയുടെ കൊലപാതകത്തിന് ഉത്തരവാദികളെന്ന് അവകാശപ്പെട്ട് ആളുകള്‍ കുറ്റമേറ്റെടുക്കാന്‍ തയാറായി സ്റ്റേഷനിലെത്തിയിരുന്നുവെന്നും റാവു പറയുന്നു. നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശമയച്ചുവെന്ന് ആരോപിച്ചാണ് ദര്‍ശന്റെ ആരാധകനായ രേണുകാസ്വാമിയെ വിളിച്ചു വരുത്തി ക്രൂരമായി കൊലപ്പെടുത്തിയത്. കേസിലെ 14–ാം പ്രതിയാണ് പ്രദൂഷ്.