അസഹനീയമായ ജയിൽ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി കർണാടകയിലെ രേണുകസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ ജഡ്ജിയോട് വിഷം ചോദിച്ചു. എന്നാല്‍ വിഷം നല്‍കാന്‍ കഴിയില്ലെന്നുപറഞ്ഞ് ജഡ്ജി ദര്‍ശന്റെ അപേക്ഷ നിരസിച്ചു. കേസിന്റെ പ്രതിമാസ വാദം കേൾക്കുന്നതിനിടെയാണ് നടൻ ദർശൻ ജയിലിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ജയിലിൽ നിന്ന് വിഡിയോ കോൺഫറൻസിലൂടെ 64-ആം സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ ആണ് ദര്‍ശന്‍ ഹാജരായത്.
ഏറെ ദിവസങ്ങളായി സൂര്യപ്രകാശം കണ്ടിട്ടില്ലെന്നും, കൈകളിൽ പൂപ്പൽ വന്നെന്നും ദര്‍ശന്‍ പറയുന്നു. വസ്ത്രങ്ങൾക്കെല്ലാം ദുർഗന്ധമാണെന്നും ഇങ്ങനെ ജീവിക്കാൻ കഴിയില്ലെന്നും നടന്‍ കോടതിയെ അറിയിച്ചു. ‘ദയവായി എനിക്ക് വിഷം തരൂ. ഇവിടെ ജീവിതം അസഹനീയമായിരിക്കുന്നു’ എന്നാണ് ഒടുവില്‍ നടന്‍ കോടതിയോട് ആവശ്യപ്പെട്ടത്.
നിലവിലെ സാഹചര്യങ്ങളെ തനിക്ക് അതിജീവിക്കാൻ കഴിയില്ലെന്നും നടൻ കൂട്ടിച്ചേർത്തു. എന്നാല്‍ ഇത്തരം അപേക്ഷകള്‍ കോടതിയോട് പാടില്ലെന്നും ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ കോടതിക്ക് സാധിക്കില്ലെന്നും ജഡ്ജി മറുപടി പറഞ്ഞു.
ചിത്രദുർഗ്ഗയിലെ 33 വയസ്സുകാരനായ ആരാധകൻ രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് 2024 ജൂണിലാണ് ദർശനെ പൊലീസ് അറസ്റ്റ് ചെയ്തത്. രേണുകസ്വാമി ദർശന്റെ അടുത്ത കൂട്ടാളിയായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും, ഇതിനെത്തുടര്‍ന്നാണ് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ബെംഗളൂരുവിലെ ഒരു ഷെഡിൽ വെച്ച് മര്‍ദിച്ച ശേഷം കൊലപ്പെടുത്തി ഓടയിലിട്ടതെന്നുമാണ് ദര്‍ശനെതിരായ പൊലീസ് വാദം.
2024 ഡിസംബറിൽ നടന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും, സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി 2025 ഓഗസ്റ്റ് 14-ന് സുപ്രീം കോടതി ജാമ്യം റദ്ദാക്കി. കസ്റ്റഡിയിൽ അദ്ദേഹത്തിന് പ്രത്യേക പരിഗണന നൽകരുതെന്ന് ഉത്തരവിടുകയും ചെയ്തു. തുടർന്നാണ് ദർശനെ വീണ്ടും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ബെല്ലാരി ജയിലിലേക്ക് മാറ്റുന്നത് ഒഴിവാക്കണമെന്നും ഒരു കട്ടിലും മെത്തയും അനുവദിക്കണമെന്നും ദര്‍ശന്‍ പ്രതിമാസ വാദത്തിനിടെ കോടതിയോട് ആവശ്യപ്പെട്ടു.