Image Credit: X

  • ഈ മാസം 22നാണ് സുമിത്രയുടെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് നിശ്ചയിച്ചിരുന്നത്.ബ്രേക്കിന് പകരം ആക്സിലേറ്ററില്‍ കാലമര്‍ത്തിപ്പോയതോടെയാണ് കാര്‍ നിയന്ത്രണം വിട്ടതെന്നും കുളത്തിലേക്ക് പതിച്ചതെന്നുമാണ് വിലയിരുത്തല്‍

ലൈസന്‍സ് ടെസ്റ്റിന് മുന്നോടിയായി ഡ്രൈവിങ് പരിശീലനത്തിനായി സ്വയം കാറെടുത്ത് പുറത്തേക്കിറങ്ങിയ സ്ത്രീക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായി ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ കെസ്റ്റോപുരിലാണ് സംഭവം. സുമിത്ര ദാസ് (42) എന്ന സ്ത്രീയാണ് മരിച്ചത്. സുമിത്രയോടിച്ച കാര്‍ നിയന്ത്രണം നഷ്ടമായി കുളത്തിലേക്ക് വീഴുകയായിരുന്നു.

മകളെ സ്കൂളില്‍ നിന്ന് സ്കൂട്ടറില്‍ പോയി വിളിച്ചു കൊണ്ട് വന്ന ശേഷമാണ് വീട്ടില്‍ നിന്നും യുവതി കാറെടുത്ത് പുറത്തേക്കിറങ്ങിയത്. നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് വീണ കാര്‍ പൂര്‍ണമായും മുങ്ങിപ്പോയി. സുമിത്രയെ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കാറിനുള്ളില്‍ കുടുങ്ങിയ സുമിത്രയെ പുറത്തെടുത്തു. പുറത്തുകടക്കാന്‍ ശ്രമിച്ച നിലയിലായിരുന്നു സുമിത്രയുടെ മൃതദേഹമിരുന്നത്.

ഈ മാസം 22നാണ് സുമിത്രയുടെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് നിശ്ചയിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. അടുത്തയിടെയാണ് ഭര്‍ത്താവ് കൃഷ്ണേന്ദു ദാസ് സുമിത്രയ്ക്ക് കാര്‍ വാങ്ങി നല്‍കിയത്. ബ്രേക്കിന് പകരം ആക്സിലേറ്ററില്‍ കാലമര്‍ത്തിപ്പോയതോടെയാണ് കാര്‍ നിയന്ത്രണം വിട്ടതെന്നും കുളത്തിലേക്ക് പതിച്ചതെന്നുമാണ് വിലയിരുത്തല്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. 

ENGLISH SUMMARY:

A 42-year-old woman named Sumitra Das tragically died in Kolkata's Kestopur area when her car plunged into a pond while she was practicing driving alone ahead of her upcoming license test. After picking up her daughter from school, she took the vehicle out for practice, but the car reportedly lost control after she accidentally pressed the accelerator instead of the brake. Despite rescue efforts, the car submerged completely, and she was found trapped inside after a one-hour operation. Police stated that her driving test was scheduled for the 22nd of this month, and her body has been sent to a government hospital for post-mortem.