ലക്ഷദ്വീപിൽ പട്രോളിങ് ബോട്ട് മറിഞ്ഞ് അപകടം. പൊലീസുകാരെ കാണാതായി. കവരത്തി ദ്വീപിലെ നബീൽ, ആന്ത്രോത്ത് ദ്വീപിലെ കെ.സി. ഹിദായത്തുള്ള എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. സുഹൈൽ ദ്വീപ് പൊലീസ് ഔട്ട്‌പോസ്റ്റിലെ ഉദ്യോഗസ്ഥരാണ് ഇവർ.
പട്രോളിങ്ങിനായി മൂന്നുപേരാണ് ബോട്ടിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയെത്തുടർന്ന് ബോട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒപ്പമുണ്ടായിരുന്ന അമീനി ദ്വീപ് സ്വദേശിയായ ഉമർ ഫാറൂഖ് നീന്തി രക്ഷപ്പെട്ടു. പരുക്കേറ്റ അദ്ദേഹം കവരത്തിയിൽ ചികിത്സയിലാണ്.
കാണാതായവർക്കായുള്ള തിരച്ചിൽ കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെയും സഹായത്തോടെ ലക്ഷദ്വീപ് ഭരണകൂടം ഊർജിതമാക്കിയിട്ടുണ്ട്. എന്നാൽ ഇതുവരെയും ഇവരെക്കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും തിരച്ചിൽ തുടരുകയാണെന്നും ഭരണകൂടം വ്യക്തമാക്കി.