dmk

മണ്ഡല പുനര്‍നിര്‍ണയത്തില്‍ സെയ്‌ഫ് ഗെയിം കളിക്കാന്‍ ഡിഎംകെ. ഇന്നലെ തമിഴ്‌നാട്  നിയമസഭയില്‍ സര്‍ക്കാരിന്‍റെ പ്രമേയത്തെ പിന്തുണച്ചതോടെ വിഷയത്തില്‍ പാര്‍ട്ടിക്ക് പരുക്കേല്‍ക്കാത്ത നിലപാട് തുടരാനാണ് തീരുമാനം. 

മണ്ഡല പുനര്‍നിര്‍ണയത്തില്‍ ചാഞ്ചാട്ടം തുടരുകയാണ് ഡിഎംകെ. കഴിഞ്ഞയാഴ്ച മണ്ഡല പുനര്‍നിര്‍ണയത്തെ പൂര്‍ണമായി എതിര്‍ക്കില്ലെന്നായിരുന്നു പാര്‍ട്ടി നിലപാട്. തമിഴ്‌നാടിന് ദോഷകരമാകില്ലെങ്കില്‍ അംഗീകരിക്കുമെന്നും പാര്‍ട്ടി വക്താവ് അടക്കം വ്യക്തമാക്കിയിരുന്നു. വിജയ് സര്‍ക്കാര്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നതോടെ,  വെട്ടിലായ ഡിഎംകെ  തന്ത്രപരമായി നീങ്ങി പ്രമേയത്തെ പിന്തുണച്ച് തല്‍ക്കാലം വിവാദങ്ങളുടെ വായടപ്പിച്ചു.  ബില്ലിനെതിരെ  വിജയ് സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണയ്ക്കാതെ ഡിഎംകെ പരസ്യമായി എതിര്‍ത്താല്‍ അത് രാഷ്ട്രീയ ആത്മഹത്യയാകും. ഇതോടെയാണ് സര്‍ക്കാരിനൊപ്പം നില്‍ക്കാമെന്ന തലത്തിലേക്ക് ഡിഎംകെ എത്തിയത്. നിലവില്‍ ബില്ലിനെ  എതിര്‍ത്തുകൊണ്ട്  പുതിയ ബില്‍ അവതരിപ്പിച്ചശേഷം ബാക്കി ആലോചിക്കാമെന്നാണ് ‌ ഇപ്പോഴത്തെ നിലപാട്.

മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാര്‍ലമെന്‍റിലെത്തും വരെ ഡിഎംകെ ഈ നിലപാട് തുടരാനാകും സാധ്യത. അതേസമയം 2011 ലെ ജനസംഖ്യ അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കിയാല്‍  7.18 ശതമാനം സീറ്റ് തമിഴ്‌നാടിന് ലഭിക്കണമെന്ന് ഉദയനിധി ഇന്നലെ പറഞ്ഞിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തിലെ  നിലപാട് മാറ്റത്തോടെ ഡിഎംകെ എന്‍ഡിഎയോട് അടുക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് തിരിച്ചടിച്ചേക്കുമെന്ന ഭയവും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്.

ENGLISH SUMMARY:

DMK is playing a safe game on the delimitation issue. By supporting the government's resolution in the Tamil Nadu Legislative Assembly, the party aims to maintain a stance that avoids harm to its political standing on the matter.