പ്രായപൂർത്തിയായ കുട്ടികൾ സ്വതന്ത്ര വ്യക്തികളാണെന്നും മാതാപിതാക്കളുടെ സ്വത്തല്ലെന്നും ബോംബെ ഹൈക്കോടതി. ഇഷ്ടമുള്ള ആളിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച മകളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ നിന്നും ഒരു വീട്ടമ്മ സമര്‍പ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന വിധിന്യായം. പെണ്‍കുട്ടിക്ക് സ്വതന്ത്രമായി തീരുമാനിക്കാനുള്ള അവകാശം ശരിവച്ചുകൊണ്ടായിരുന്ന കോടതിയുടെ വിധി.
നാഗ്പൂര്‍ സ്വദേശിയായ മാതാവ് മകളുടെ കസ്റ്റഡി ആവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതിയില്‍ ഫയൽ ചെയ്തത്. ഒരാളെ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുകയാണെങ്കിൽ അയാളെ ഉടനടി കോടതിക്ക് മുന്നിൽ ഹാജരാക്കാൻ പോലീസിനോടോ ബന്ധപ്പെട്ട അധികാരികളോടോ ആവശ്യപ്പെടുന്ന ഉത്തരവാണ് ഹേബിയസ് കോർപ്പസ് ഹർജി. എന്നാല്‍, പ്രായപൂർത്തിയായ യുവതി സ്വന്തം ഇഷ്ടപ്രകാരം ജീവിത പങ്കാളിയെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 226 പ്രകാരം, പ്രായപൂർത്തിയായ മകളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് മാതാവ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് കോടതി ഈ നിരീക്ഷണം നടത്തിയത്.
നാഗ്പൂരിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 17 വയസുകാരിയായ പെൺകുട്ടി ട്യൂഷൻ ക്ലാസിന് പോകുന്നതായി പറഞ്ഞാണ് വീടുവിട്ടിറങ്ങിയത്. സമയം കഴിഞ്ഞും മകള്‍ മടങ്ങിവരാതായതോടെ മാതാവ് നാഗ്പൂര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പെണ്‍കുട്ടി ഒരു യുവാവിനൊപ്പം പോകുന്നതായി കണ്ടു.
അന്ന് പെൺകുട്ടിയെ പൊലീസ് കണ്ടെത്തുകയും മാതാവിനെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാൽ, പെണ്‍കുട്ടി വീണ്ടും അതേ യുവാവിനൊപ്പം വീട് വിട്ടുപോയതോടെയാണ് ഹേബിയസ് കോർപ്പസ് ഹർജിയുമായി വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചത്. വാദം കേൾക്കുന്നതിനിടയിൽ, ജഡ്ജി പെണ്‍കുട്ടിയുടെ തീരുമാനം ചോദിച്ചു. തനിക്ക് പ്രായപൂര്‍ത്തിയായെന്നും യുവാവിനൊപ്പം ജീവിക്കാൻ വേണ്ടി സ്വന്തം ഇഷ്ടപ്രകാരം വീട് വിട്ടതാണെന്നും പെണ്‍കുട്ടി പറഞ്ഞു. യുവാവിനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കോടതിയോട് അറിയിച്ചു.
പ്രായപൂർത്തിയാകാത്ത മകളെ യുവാവ് നിയമവിരുദ്ധമായി തടവിൽ പാർപ്പിക്കുകയാണെന്നും പോക്സോ നിയമപ്രകാരം യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു വീട്ടമ്മയുടെ വാദം. എന്നാല്‍, ആ വാദങ്ങളെല്ലാം തള്ളിയ കോടതി, പെൺകുട്ടി ഇപ്പോൾ മേജറാണെന്നും ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ അവൾക്ക് അവകാശമുണ്ടെന്നും നിരീക്ഷണം നടത്തി.
കുട്ടികളുടെ സംരക്ഷണ കാര്യങ്ങളിൽ കുട്ടിയുടെ ക്ഷേമമാണ് പരമപ്രധാനം. അതിന് മാതാപിതാക്കളുടെ അവകാശങ്ങളെക്കാൾ മുൻഗണനയുണ്ടെന്നുള്ള സുപ്രീം കോടതിയുടെ നിലപാട് ഉദ്ധരിച്ചുകൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി ന്യായം.
ഏതെങ്കിലും സ്വകാര്യ വ്യക്തികൾ മറ്റൊരാളെ തടഞ്ഞുവെച്ചാല്‍, തടങ്കലിൽ കഴിയുന്ന വ്യക്തിക്കോ, ആ വ്യക്തിയുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഹേബിയസ് കോർപ്പസ് ഹർജി ഹർജി കോടതിയിൽ നൽകാവുന്നതാണ്. എന്നാല്‍, ഈ കേസില്‍ നിയമവിരുദ്ധമായ കസ്റ്റഡി തെളിയിക്കണമെന്ന് കോടതി പറഞ്ഞു. അത് സ്ഥാപിക്കപ്പെടാത്തതിനാൽ, നാഗ്പൂർ ബെഞ്ച് മാതാവിന്‍റ ഹർജി തള്ളി യുവാവിനൊപ്പം ജീവിക്കാന്‍ പെണ്‍കുട്ടിക്ക് അനുവാദം കൊടുക്കുകയായിരുന്നു.