File Image: PTI
ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലിക്കും കുടുംബത്തിനും നേരെ വധഭീഷണി. ഗാംഗുലിയെയും ഭാര്യ ഡോണയെയും അടുത്ത ബന്ധുക്കളെയും വധിക്കുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. ഭാര്യ ഡോണ ഗാംഗുലി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടേക്കാമെന്ന ഉള്ളടക്കമുള്ള ഊമക്കത്തുകളും ഫോണ്‍ സന്ദേശങ്ങളും നിരന്തരം ലഭിക്കുന്നതായി താരം പൊലീസില്‍ പരാതി നല്‍കി. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റാണ് ഗാംഗുലി. ഇന്നലെ താരത്തിന്‍റെ പഴ്സനല്‍ സെക്രട്ടറിയാണ് താക്കുര്‍പുര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ആറുമാസം മുന്‍പാണ് ഗാംഗുലിക്ക് ഇത്തരത്തിലൊരു ഭീഷണി സന്ദേശം ലഭിച്ചത്. അദ്ദേഹം അന്നത് ഗൗരവത്തിലെടുത്തില്ല. എന്നാല്‍ ഇന്നലെ ലഭിച്ച കത്തില്‍ കുടുംബത്തോടെ തീര്‍ത്തുകളയുമെന്നാണ് എഴുതിയിരുന്നത്. ഇതോടെയാണ് പരാതി നല്‍കിയത്. താരത്തിന്‍റെ പരാതിയില്‍ അന്വേഷണം തുടങ്ങിയെന്നും കത്തെഴുതുന്നത് ആരാണെന്നും അതിന്‍റെ ഉറവിടവും ലക്ഷ്യവും കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.
നോര്‍ത്ത് 24 പര്‍ഗാനാസിലെ ബെലഘാരിയയില്‍ നിന്ന് ഒരാള്‍ കത്ത് കുറിയര്‍ ചെയ്തതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. കുറിയര്‍ സ്ഥാപനവുമായി ബന്ധപ്പെട്ടുവെന്നും മൊബൈല്‍ നമ്പറടക്കം ട്രാക്ക് ചെയ്യുന്നുവെന്നും പൊലീസ് അറിയിച്ചു. എല്ലാ കത്തുകളുെടയും ഉറവിടം ഒരിടത്ത് നിന്നാണോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.