AI Generated Image
കാമുകിയെ വിവാഹം ചെയ്യാൻ കഴിയാത്തതിന്റെ പ്രതികാരമായി ഭർത്താവിനെ ലഹരിക്കേസിൽ കുടുക്കാൻ ശ്രമിച്ച യുവാവിന്‍റെ ഗൂഢാലോചന പൊളിച്ച് ജമ്മു കശ്മീർ പോലീസ്. കൺപൂരിൽ നിന്ന് കാമുകിയുടെ ഭർത്താവിന്‍റെ പേരിൽ മയക്കുമരുന്ന് അടങ്ങിയ പാഴ്സൽ അയച്ചാണ് ഇയാൾ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചത്.
Also Read: ‘രേണുകസ്വാമിയുടെ അടിവസ്ത്രം വലിച്ചുതാഴെയിട്ടു, സ്വകാര്യഭാഗത്ത് ആഞ്ഞുചവിട്ടി’
ഗന്ദർബാൽ ജില്ലയിലെ സഫാപോറിൽ കോഴിഫാം നടത്തുന്ന യുവാവിനാണ് പാഴ്സൽ ലഭിച്ചത്. കോഴിഫാമിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ജമ്മു കശ്മീർ പൊലീസ് എൻഡിപിഎസ് നിയമപ്രകാരം ഇയാളെ ആദ്യം അറസ്റ്റ് ചെയ്തു. എന്നാൽ ചോദ്യംചെയ്യലിൽ ഇയാൾക്ക് ലഹരിമരുന്ന് ഇടപാടുകളുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.
പാഴ്സൽ പരിശോധിച്ചപ്പോൾ കൊക്കെയിൻ, ചരസ്, ഡൈക്ലോഫെനാക് ഗുളികകൾ എന്നിവ കണ്ടെത്തി. കശ്മീരിൽ മയക്കുമരുന്ന് കേസുകളിൽ കർശന നിയമ നടപടികളുള്ളതിനാൽ പ്രതിയായാൽ ഗുരുതര ശിക്ഷ ലഭിക്കാമെന്ന സാഹചര്യം കണക്കിലെടുത്തായിരുന്നു ഗൂഢാലോചന.
നിർണായകമായത് സൗദി ഫോൺ നമ്പർ
ഏതാനും മാസം മുമ്പാണ് കോഴിഫാം ഉടമ വിവാഹിതനായത്. അന്വേഷണത്തിനിടെ പാഴ്സലുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാൻ ഒരു സൗദി അറേബ്യൻ നമ്പറിൽ നിന്ന് ഇയാൾക്ക് നിരന്തരം ഫോൺവിളികൾ വന്നിരുന്നതായി പൊലീസ് കണ്ടെത്തി. വിവാഹത്തിന് മുമ്പ് താൻ വിവാഹം കഴിക്കാൻ പോകുന്ന യുവതിയെ വിവാഹം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഇതേ നമ്പരിൽ നിന്ന് ഭീഷണി കോളുകളും ലഭിച്ചിരുന്നുവെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.
ഇതോടെ പൊലീസ് ഭാര്യയെയും ചോദ്യം ചെയ്തു. യുവതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ വിവാഹശേഷവും മുൻ കാമുകനായ താരിഖ് അഹമ്മദ് സൂഫിയുമായി ബന്ധം തുടർന്നിരുന്നതായി കണ്ടെത്തി. ഇതോടെയാണ് കേസിന് പിന്നിലെ ഗൂഢാലോചന വ്യക്തമായത്.
സുഹൃത്തിന്‍റെ സഹായത്തോടെ പദ്ധതി
ശ്രീനഗറിലെ സൈനികോട്ട് സ്വദേശിയായ താരിഖ് അഹമ്മദ് സൂഫിയാണ് ഗൂഢാലോചനയ്ക്ക് പിന്നിലെ മുഖ്യപ്രതി. കൺപൂരിലുള്ള സുഹൃത്ത് അരീബിന്‍റെ സഹായത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തത്. കോഴിത്തീറ്റയുടെ സാമ്പിളുകളാണെന്ന് വിശ്വസിപ്പിച്ചാണ് കോഴിഫാം ഉടമയെക്കൊണ്ട് പാഴ്സൽ സ്വീകരിപ്പിച്ചത്. തുടർന്ന് അതേ പാഴ്സലിൽ മയക്കുമരുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് കൈമാറുകയും ചെയ്തു.
അന്വേഷണത്തിൽ അരീബ് പിന്നീട് സൗദി അറേബ്യയിലേക്ക് കടന്നതായി കണ്ടെത്തി. കേസിൽ ഉപയോഗിച്ച സൗദി ഫോൺ നമ്പറും അരീബിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ താരിഖ് അഹമ്മദ് സൂഫിയുടെയും അരീബിന്റെയും പങ്ക് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.