Image: X
വാർദ്ധക്യകാലത്ത് മാതാപിതാക്കൾ നേരിടുന്ന ഏകാന്തതയെയും കുടുംബ ബന്ധങ്ങളിലെ മാറ്റങ്ങളെയും കുറിച്ച് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ് ഹരിയാനയിൽ നിന്നുമുള്ള നൊമ്പരപ്പെടുത്തുന്ന ഒരു വാർത്ത. മക്കളെ നല്ല രീതിയിൽ പഠിപ്പിച്ചു മിടുക്കരാക്കാൻ ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട വയോധികൻ വാർദ്ധക്യകാലത്ത് മരിക്കുന്നത് ഒരു വയോജന കേന്ദ്രത്തില്‍ വച്ചാണ്. എന്നാൽ പിതാവിന്റെ വിയോഗമറിഞ്ഞിട്ടും ഒരു നോക്ക് കാണാനോ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാനോ മൂന്ന് മക്കളും എത്തിയില്ല.
ഹരിയാനയിലെ സോണിപത്തിലാണ് സംഭവം. തുണിക്കച്ചവടക്കാരനായിരുന്ന ശിവ്ചരൺ രത്തൻ ഗുപ്തയാണ് മരിച്ചത്. ദീർഘകാലമായി അസുഖബാധിതനായിരുന്ന ശിവ്ചരൺ ഒരു വയോജന കേന്ദ്രത്തില്‍ വച്ചാണ് മരിക്കുന്നത്. മരണസമയത്ത് തന്റെ പെൺമക്കളെ അവസാനമായി ഒരിക്കൽ കൂടി കാണണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ മരണവിവരമറിഞ്ഞിട്ടും അദ്ദേഹത്തിന്റെ മൂന്ന് പെൺമക്കളിൽ ആരും തന്നെ അവിടേക്ക് എത്തുകയോ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുകയോ ചെയ്തില്ല. പകരം പിതാവിന്‍റെ സംസ്കാര ചെലവുകൾക്കായി 5,100 രൂപ ഓൺലൈനായി അയച്ചുകൊടുക്കുകയും, അന്ത്യകർമ്മങ്ങളുടെ വിഡിയോ ഫോണിലേക്ക് അയച്ചുനൽകണമെന്ന് ആവശ്യപ്പെടുകയുമാണ് മക്കൾ ചെയ്തത്.
അതേസമയം, ശിവ്ചരൺ രത്തൻ ഗുപ്തയുടെ ചിത്രത്തിന് മുന്നിൽ നാട്ടുകാരും വയോജന കേന്ദ്രത്തിലെ അംഗങ്ങളും അന്തിമോപചാരം അർപ്പിക്കുന്നതിന്റെയും അന്ത്യകർമ്മങ്ങൾ നടത്തുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ നടക്കുന്ന സമയത്ത് മക്കൾ വിഡിയോ കോളിലൂടെ ഇത് കണ്ടുകൊണ്ടിരിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അടുത്ത ബന്ധുക്കളാരും ഇല്ലാതിരുന്നതിനാൽ വയോജന കേന്ദ്രത്തിലെ അധികൃതരും നാട്ടുകാരും ചേർന്നാണ് എല്ലാ മരണാനന്തര കര്‍മ്മങ്ങളും നിര്‍വ്വഹിച്ച് അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചത്.
അവസാന കാലത്ത് അസുഖബാധിതനായാണ് ശിവ്ചരൺ വയോജന കേന്ദ്രത്തിലേക്ക് എത്തിയതെന്ന് അഡ്മിനിസ്ട്രേറ്ററായ ആനന്ദ് കുമാർ പറഞ്ഞു. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നൽകി നല്ല നിലയിലാക്കാന്‍ അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിരുന്നു. മക്കളിൽ രണ്ടുപേർ അധ്യാപികമാരായി ജോലിക്ക് കയറുകയും ചെയ്തു. മക്കളുടെ നേട്ടങ്ങളിൽ അദ്ദേഹം എപ്പോഴും അഭിമാനിച്ചിരുന്നുവെന്നും ഒരു പിതാവെന്ന നിലയിലുള്ള തന്റെ ചുമതലകൾ താൻ ഭംഗിയായി നിറവേറ്റിയതായി അദ്ദേഹം കരുതിയിരുന്നെന്നും കൂടെയുണ്ടായിരുന്നവർ ഓർക്കുന്നു.
എന്നാൽ, ജീവിതത്തിന്റെ അവസാന യാത്രയിൽ അച്ഛന് യാത്രയേകാൻ മക്കൾ ആരും എത്തിയില്ല. തുടർന്ന് നാട്ടുകാരും വയോജന കേന്ദ്രത്തിലെ അംഗങ്ങളും ചേർന്ന് അദ്ദേഹത്തിന് അർഹമായ ആദരവോടെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കുകയായിരുന്നു. മക്കൾ വിഡിയോ കോളിലൂടെ അച്ഛന്റെ സംസ്കാരം നോക്കിക്കാണുന്നതും, അപരിചിതരായ നാട്ടുകാർ ചേർന്ന് പിതാവിന്റെ അന്ത്യകർമ്മങ്ങൾ നടത്തുന്നതുമായ ദൃശ്യങ്ങൾ പ്രചരിച്ചതോടെ, സംഭവം സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.