epfo-03
  • സാങ്കേതിക പ്രശ്നമുണ്ട്, പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നാണ് കുടുതല്‍പേര്‍ക്കും ഇപിഎഫ്ഒ നല്‍കുന്ന മറുപടി.

സെര്‍വര്‍ പരിഷ്കരണത്തിലെ അപാകതകള്‍ കാരണം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ക്ലെയിം തുക വിതരണം മുടങ്ങി. മെഡിക്കല്‍ ക്ലെയിമിനുള്‍പ്പെടെ അപേക്ഷിച്ച് ഒരുമാസത്തിലേറെ കഴിഞ്ഞിട്ടും പണം ലഭിക്കാതെ നിരവധി പേര്‍ കടുത്ത പ്രതിസന്ധിയിലാണ്. പി.എഫ് പെന്‍ഷന്‍ വിതരണവും അനിശ്ചിതമായി വൈകുന്നു. ഇ.പി.എഫ്.ഒയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പരാതി പ്രവാഹമാണ്.

മെഡിക്കൽ ക്ലെയിം തുക ലഭിക്കാത്തതിനാല്‍ അമ്മയുടെ ഹൃദയ ശസ്ത്രക്രിയ രണ്ടുതവണ മാറ്റിവച്ചു, ജീവൻ അപകടത്തിലാണ്. ദയവായി ക്ലെയിം അപേക്ഷ തീര്‍പ്പാക്കു'. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ എക്സ് ഹാന്‍ഡിലില്‍ വന്ന ഒരു അപേക്ഷയാണിത്.  ചികിത്സ ഉൾപ്പെടെ അടിയന്തര ആവശ്യങ്ങൾക്കായി ഫോം 31 നൽകി കാത്തിരുന്നവരടക്കം  പ്രതിസന്ധിയിലായ നിരവധിപേരാണ് ഇതുപോലെ പരാതി ഉന്നയിക്കുന്നത്.

സാങ്കേതിക പ്രശ്നമുണ്ട്,  പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നാണ് കുടുതല്‍പേര്‍ക്കും ഇപിഎഫ്ഒ നല്‍കുന്ന മറുപടി.  ക്ലെയിം അംഗീകരിച്ചു, തുക ലഭിക്കുമെന്ന് ചില പരാതികളില്‍ പ്രതികരണം. നേരത്തെയുള്ള ക്ലെയിമുകള്‍ തീര്‍പ്പാക്കിവരികയാണെന്നും ഇനി അപേക്ഷിച്ചാല്‍ രണ്ടു ദിവസം കൊണ്ട് ക്ലെയിമുകള്‍ തീര്‍പ്പാക്കുമെന്നും സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ. Also Read: ഇ.പി.എഫ് പെൻഷൻ വൈകുന്നു; 82 ലക്ഷം പെൻഷൻകാർ ആശങ്കയിൽ...

ക്ലെയിം തുക ലഭിക്കാത്തതിനാല്‍ കുടുംബാംഗം ചികിത്സ കിട്ടാതെ മരിച്ചെന്ന് ബെംഗളൂരു സ്വദേശി സാർഥക് സിംഗാൾ കഴിഞ്ഞദിവസം പരാതിപ്പെട്ടിരുന്നു.  ഇ.പി.എഫ്.ഒയുടെ സെര്‍വര്‍ പരിഷ്കരണത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് പെന്‍ഷന്‍ വിതരണവും ക്ലെയിം അനുവദിക്കലും തടസ്സപ്പെട്ടത്. രാജ്യത്താകെ കേന്ദ്രീകൃത സംവിധാനത്തിലൂടെ പെന്‍ഷന്‍ നല്‍കാനായുള്ള സെർവർ പരിഷ്കരണം പൂര്‍ത്തിയായി പുതിയ വെബ്സൈറ്റ് സജ്ജമായെങ്കിലും  വിതരണം പഴയപടിയായിട്ടില്ല. രാജ്യത്താകെ 82.11 ലക്ഷം ഇപിഎഫ് പെൻഷൻകാരാണുള്ളത്. പെൻഷൻ‌ വൈകിയതോടെ ഇവര്‍ ആശങ്കയിലാണ്.

ENGLISH SUMMARY:

Technical issues following a server upgrade have disrupted the disbursement of Employees' Provident Fund (EPF) claim amounts. Thousands of subscribers who applied for withdrawals, including medical claims, have not received their money even after waiting for more than a month, leaving many in severe financial distress. EPF pension payments are also being delayed indefinitely.