epfo-02
  • സാധാരണ എല്ലാ മാസങ്ങളിലും 25, 26, 27 തീയതികളിലായാണ് പെൻഷൻ തുക അക്കൗണ്ടുകളിൽ എത്തിയിരുന്നത്. എന്നാൽ ജൂലൈ 31 കഴിഞ്ഞിട്ടും ഗുണഭോക്താക്കള്‍ക്ക് പെൻഷൻ ലഭിച്ചിട്ടില്ല.

സെര്‍വര്‍ പരിഷ്കരണത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ വൈകുന്നു. ജൂലൈയിലെ പെന്‍ഷന്‍ ഇതുവരെ ലഭിച്ചിട്ടില്ല. രാജ്യത്താകെ കേന്ദ്രീകൃത സംവിധാനത്തിലൂടെ പെന്‍ഷന്‍ വിതരണം ചെയ്യാനായാണ് സെർവർ പരിഷ്കരിക്കുന്നത്. 

 

സെർവർ പരിഷ്കരണം കാരണം ജൂൺ 26 മുതൽ ജൂലൈ രണ്ടുവരെയുള്ള ദിവസങ്ങളിൽ വെബ് അധിഷ്ഠിത സേവനങ്ങൾ തടസപ്പെടുമെന്ന് ഇപിഎഫ്ഒ നേരത്തെ അറിയിച്ചിരുന്നു. ജൂലൈ മൂന്നുമുതൽ സേവനങ്ങൾ പുനരാരംഭിക്കുമെന്നായിരുന്നു ഉറപ്പ്.  എന്നാൽ ഇപ്പോഴും സാങ്കേതിക തടസങ്ങൾ പരിഹരിച്ചിട്ടില്ല.  പെന്‍ഷൻ വിതരണംതന്നെ അവതാളത്തിലായി. സാധാരണ എല്ലാ മാസങ്ങളിലും 25, 26, 27 തീയതികളിലായാണ് പെൻഷൻ തുക അക്കൗണ്ടുകളിൽ എത്തിയിരുന്നത്.  

 

എന്നാൽ ജൂലൈ 31 കഴിഞ്ഞിട്ടും  ഗുണഭോക്താക്കള്‍ക്ക് പെൻഷൻ ലഭിച്ചിട്ടില്ല.  ആശങ്കയിലായ ഒട്ടേറെപ്പേർ തൊഴിൽമന്ത്രാലയത്തിന്റെയും ഇപിഎഫ്ഒയുടെയും സമൂഹമാധ്യമ പേജുകളിൽ പരാതി ഉന്നയിക്കുന്നു.  രാജ്യത്ത് 82.11 ലക്ഷം ഇപിഎഫ് പെൻഷൻകാരുണ്ട്. ക്ലെയിമുകൾ നൽകി ഒന്നര മാസത്തിലേറെ കഴിഞ്ഞിട്ടും തുക ലഭിക്കാത്തവരും ഏറെ.  

 

റീജനൽ പ്രോവിഡന്റ് ഫണ്ട് ഓഫിസുകൾ മുഖേനയാണ് ഇതുവരെ പെൻഷൻ വിതരണം ചെയ്തിരുന്നത്.  ഈ മാസം മുതൽ രാജ്യവ്യാപകമായി കേന്ദ്രീകൃത സംവിധാനത്തിലൂടെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ പെൻഷൻ തുക നിക്ഷേപിക്കുന്നതിനാണു സെർവർ പരിഷ്കരിക്കുന്നത്.  പെൻഷൻ വിതരണം ഇന്നോ നാളെയോ ആരംഭിച്ചേക്കുമെന്നാണ് ഇപിഎഫ്ഒ വൃത്തങ്ങളുടെ വിശദീകരണം.

ENGLISH SUMMARY:

The Employees' Provident Fund Organisation (EPFO) has delayed July pension payments due to ongoing technical issues related to a nationwide server upgrade. The modernization aims to introduce a centralized pension payment system, replacing the regional disbursement process. As millions of pensioners continue waiting for their payments, complaints have flooded EPFO and Labour Ministry social media platforms. Officials say pension disbursement could begin within the next day or two.