Image credit: Indianrailway

  • ആര്‍പിഎഫും ഗുജറാത്ത് പൊലീസും മെഡിക്കല്‍ വിദ്ഗധരും ഒന്നിച്ചതോടെ സൂററ്റില്‍ നിന്നും അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലേക്ക് ഹൃദയം പാഞ്ഞെത്തി, പുതു ജീവന്‍ പകര്‍ന്നു

ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി ഹൃദയവുമായി സഞ്ചരിച്ച് റെക്കോര്‍ഡിട്ട് വന്ദേ ഭാരത്. സൂററ്റില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള 250 കിലോ മീറ്റര്‍ ദൂരം വെറും രണ്ട് മണിക്കൂര്‍ കൊണ്ടാണ് മുംബൈ സെന്‍ട്രല്‍–ഗാന്ധിനഗര്‍ വന്ദേ ഭാരത് എക്സ്പ്രസ് താണ്ടിയത്.  ആര്‍പിഎഫും ഗുജറാത്ത് പൊലീസും മെഡിക്കല്‍ വിദ്ഗധരും ഒന്നിച്ചതോടെ സൂററ്റില്‍ നിന്നും അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലേക്ക് ഹൃദയം പാഞ്ഞെത്തി, പുതു ജീവന്‍ പകര്‍ന്നു. 

ഇന്ത്യന്‍ റെയില്‍വേയ്ക്ക് സംതൃപ്തിയും അഭിമാനവും പകരുന്ന നിമിഷമാണിതെന്ന് അഹമ്മദാബാദ് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ വേദ് പ്രകാശ് പറഞ്ഞു. പ്രത്യേകം സജ്ജീകരിച്ച ഗ്രീന്‍ കോറിഡോറിലൂടെയാണ് ഹൃദയം അതിവേഗം എത്തിക്കാന്‍ കഴിഞ്ഞത്. 

സൂററ്റില്‍ നിന്നും രാവിലെ 8.58 ന് പുറപ്പെട്ട ട്രെയിന്‍ 11.30 ഓടെ അഹമ്മദാബാദിലെത്തി. അഹമ്മദാബാദിലേക്ക് ട്രെയിന്‍ എത്തിച്ചേരുമ്പോള്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ മറ്റ് സജ്ജീകരണങ്ങളെല്ലാം ആര്‍പിഎഫും മെഡിക്കല്‍ സംഘവും ചേര്‍ന്ന് ഒരുക്കിയിരുന്നു. 

വന്ദേഭാരതിന്‍റെ വേഗതയും കൃത്യതയും വിശ്വാസ്യതയും നിര്‍ണായക ഘട്ടത്തില്‍ തുണയായെന്ന് റെയില്‍വേ എക്സില്‍ കുറിച്ചു. സാധനസാമഗ്രികള്‍ മാത്രമല്ല, ജീവന്‍ സംരക്ഷിക്കേണ്ട അടിയന്തരഘട്ടത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്താനും റെയില്‍വേയ്ക്ക് കഴിയുമെന്നും അഭിമാനാര്‍ഹമായ നേട്ടമാണിതെന്നും ഗുജറാത്ത് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു. നിര്‍ണായക ഹൃദയശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും അദ്ദേഹം പ്രശംസിച്ചു. 

ENGLISH SUMMARY:

In a historic first for Indian Railways, the Vande Bharat Express transported a heart for emergency transplantation across a 250-kilometer distance from Surat to Ahmedabad in just two hours. A specially coordinated green corridor facilitated by the Railway Protection Force, police, and medical experts ensured the rapid and safe delivery of the organ. The train departed Surat at 8:58 AM and reached Ahmedabad by 11:30 AM, where a medical team was fully prepared at platform number one. Leaders and railway officials lauded the remarkable achievement, highlighting how the train's speed and reliability successfully saved a life.