കാവേരി വെള്ളം തമിഴ്നാടിന് തുറന്നുവിടണമെന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ നിർദ്ദേശത്തിനെതിരെ കർണാടക രക്ഷണ വേദികെ വനിതാ വിഭാഗം അംഗങ്ങൾ ബെംഗളൂരുവിൽ പ്രതിഷേധിക്കുന്നു. (PTI Photo)

  • കാവേരി നദീജല പങ്കുവെയ്ക്കലിനെച്ചൊല്ലി കർണാടകയും തമിഴ്‌നാടും തമ്മിലുള്ള ചരിത്രപരമായ തർക്കം വീണ്ടും ശക്തമായി.

വെള്ളമാണ് വിഷയം. സംയമനം എന്ന വാക്ക് തമിഴ്നാടിന്‍റെയോ കര്‍ണാടകയുടെയോ നിഘണ്ടുവിലില്ല. കാവേരി നദിയിലെ ജലവിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് ബ്രിട്ടീഷ് ഭരണകാലത്തോളം പഴക്കമുണ്ട്. ട്രൈബ്യൂണല്‍ രൂപീകരിക്കുകയും കരാറുകള്‍ നിലവില്‍ വരികയും ചെയ്തെങ്കിലും പ്രശ്നത്തിന് ഇന്നും അവസാനമായിട്ടില്ല.

മണ്‍സൂണില്‍ മഴ കുറയുകയും വരള്‍ച്ച രൂക്ഷമാകുകയും ചെയ്യുമ്പോള്‍ തര്‍ക്കവും ശക്തമാകുന്നു. കുടിവെള്ളത്തിനും കൃഷിക്കുമായി രണ്ട് സംസ്ഥാനങ്ങളും പ്രധാനമായും ആശ്രയിക്കുന്നത് കാവേരി നദിയിലെ ജലത്തെയാണ്. കര്‍ണാടകയ്ക്കും തമിഴ്‌നാടിനും പുറമേ കേരളത്തിനും പുതുച്ചേരിക്കുമാണ് കാവേരി ജലത്തില്‍ അവകാശമുള്ളത്. 2016ലും 2023ലും കാവേരിയെ ചൊല്ലി തമിഴ്നാടും കര്‍ണാടകയും ഏറ്റുമുട്ടിയിരുന്നു. 2026ല്‍ വീണ്ടും തര്‍ക്കം രൂക്ഷമാവുകയാണ്.

നിലവിലെ പ്രശ്നവും കാരണവും

കര്‍ണാടക മേക്കേദാട്ടില്‍ കാവേരിക്ക് കുറുകെ നിര്‍മിക്കാന്‍ പദ്ധതിയിടുന്ന അണക്കെട്ടാണ് ഇപ്പോഴത്തെ തര്‍ക്കവിഷയം. ബെംഗളൂരു നഗരത്തിലേക്ക് ജലമെത്തിക്കാനായി രാമനഗരം ജില്ലയിലാണ് ഡാം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. കാവേരി തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഈ പദ്ധതി. 48 TMC (Thousand Million Cubic Feet) സംഭരണശേഷിയുള്ള അണക്കെട്ടിന്റെ നിര്‍മാണച്ചെലവ് ഏകദേശം 6,000 കോടി രൂപയാണ്.

പുതിയ അണക്കെട്ട് ജലലഭ്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ എതിര്‍പ്പ്. എന്തുവന്നാലും കാവേരിയില്‍ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്. ഡാം നിര്‍മാണവുമായി മുന്നോട്ട് പോകുമെന്ന് കര്‍ണാടകയും നിലപാടെടുത്തു. ഇതിനിടെയാണ് കരാര്‍പ്രകാരം തമിഴ്‌നാടിന് നല്‍കേണ്ട വെള്ളം കര്‍ണാടക മുടക്കിയത്. വെള്ളം വിട്ടുനല്‍കണമെന്ന് തമിഴ്‌നാട് അഭ്യര്‍ഥിച്ചെങ്കിലും കര്‍ണാടക അതിന് തയ്യാറായില്ല.

തര്‍ക്കത്തിന്റെ ചരിത്രം

ബ്രിട്ടീഷ് ഭരണകാലത്തുതന്നെ മദ്രാസ്–മൈസൂര്‍ നാട്ടുരാജ്യങ്ങള്‍ തമ്മില്‍ കാവേരിയെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. 1892ലും 1924ലും ഉണ്ടായ കരാറുകളില്‍ ഇരുപക്ഷത്തിനും സംതൃപ്തിയുണ്ടായിരുന്നില്ല. 1974ല്‍ കരാറിനെതിരെ കര്‍ണാടക രംഗത്തെത്തി. 1924ലെ കരാര്‍ തമിഴ്‌നാടിന് അനുകൂലമായിരുന്നുവെന്നാണ് കര്‍ണാടകയുടെ ആരോപണം. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടു.

ഇതോടെയാണ് 1990ല്‍ കാവേരി ജല തര്‍ക്ക ട്രൈബ്യൂണല്‍ (CWDT) രൂപീകരിച്ചത്. തുടര്‍ന്ന് വാദങ്ങളും പഠനങ്ങളും പൂര്‍ത്തിയാക്കി 17 വര്‍ഷത്തിന് ശേഷം, 2007ല്‍ ട്രൈബ്യൂണല്‍ ജലവിതരണത്തിനുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിച്ചു.

വിതരണവും വിഹിതവും

2007ലെ കാവേരി ജല ട്രൈബ്യൂണല്‍ ഉത്തരവില്‍ കര്‍ണാടക, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവയ്ക്ക് ലഭിക്കേണ്ട ജലത്തിന്റെ അളവ് നിശ്ചയിച്ചു. ഉത്തരവ് പ്രകാരം കാവേരിയില്‍ ലഭ്യമായ 740 TMC ജലത്തില്‍ 419 TMC തമിഴ്‌നാടിനും, 270 TMC കര്‍ണാടകയ്ക്കും, 30 TMC കേരളത്തിനും, ഏഴ് TMC പുതുച്ചേരിക്കുമാണ് അനുവദിച്ചത്. കൂടാതെ ഓരോ മാസവും തമിഴ്‌നാടിന് കര്‍ണാടക വിട്ടുനല്‍കേണ്ട ജലത്തിന്റെ അളവും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്കും പുതുച്ചേരിക്കും നല്‍കേണ്ട ജലത്തില്‍ ആനുപാതികമായി കുറവ് വരുത്താമെന്നും ഉത്തരവില്‍ പറയുന്നു.

ട്രൈബ്യൂണല്‍ നിശ്ചയിച്ച ജലവിഹിതം ചോദ്യം ചെയ്ത് കര്‍ണാടക 2018ല്‍ സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവില്‍ മാറ്റം വരുത്തി. കര്‍ണാടകയുടെ വിഹിതം 284.75 TMC ആയി വര്‍ധിപ്പിക്കുകയും തമിഴ്‌നാടിന്റെ വിഹിതം 404.25 TMC ആയി കുറയ്ക്കുകയും ചെയ്തു. കേരളത്തിനും പുതുച്ചേരിക്കുമുള്ള വിഹിതത്തില്‍ മാറ്റമുണ്ടായില്ല.

പ്രതിഷേധവും പോരും

ഈ വര്‍ഷം തമിഴ്‌നാടിന് ലഭിക്കേണ്ട ജലവിഹിതം ലഭിക്കാതായതോടെയാണ് പ്രശ്നം വീണ്ടും രൂക്ഷമായത്. സംസ്ഥാനത്തിന് അര്‍ഹമായ ജലം വിതരണം ചെയ്യണമെന്ന് വിജയ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കര്‍ണാടക ജലം വിട്ടുനല്‍കാതിരുന്നതിനെ തുടര്‍ന്ന് തമിഴ്‌നാട് കാവേരി ജല നിയന്ത്രണ സമിതിയെ സമീപിച്ചു. തമിഴ്‌നാടിന് പ്രതിദിനം 3,500 ഘനയടി (ക്യൂസെക്സ്) വെള്ളം വിട്ടുനല്‍കണമെന്ന് സമിതി ഉത്തരവിട്ടു.

എന്നാല്‍ ഈ ഉത്തരവിനെതിരെ കര്‍ണാടക കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയെ സമീപിച്ചു. പക്ഷേ, ജല നിയന്ത്രണ സമിതിയുടെ ഉത്തരവ് കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയും ശരിവച്ചു.

ഇതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ജോസഫ് വിജയ് കര്‍ണാടകയിലേക്ക് പോകാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഉത്തരവ് പ്രതികൂലമായതോടെ കര്‍ണാടകയില്‍ വിജയ്‌ക്കെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു. നിരവധി കര്‍ഷക സംഘടനകള്‍ തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കണമെന്ന സമിതി ഉത്തരവിനെതിരെ രംഗത്തുവന്നു. ഇതോടെ തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കാതിരിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ശക്തമായി. പ്രതിഷേധം രൂക്ഷമായതോടെ ഓഗസ്റ്റ് 3ന് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ റദ്ദാക്കി.

നിലവിലെ സുപ്രീംകോടതി ഉത്തരവും കാവേരി ജല നിയന്ത്രണ സമിതിയുടെ ഉത്തരവും പ്രകാരം തമിഴ്‌നാടിന് നല്‍കേണ്ട വെള്ളം കര്‍ണാടക സര്‍ക്കാര്‍ ഇതുവരെ വിട്ടുനല്‍കിയിട്ടില്ല. പ്രശ്നം കൂടുതല്‍ വഷളായാല്‍ ഇരു സംസ്ഥാനങ്ങളും വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനാണ് സാധ്യത.

ENGLISH SUMMARY:

The long-standing Cauvery water dispute between Karnataka and Tamil Nadu has escalated once again as Karnataka withheld mandated water supplies amid severe seasonal shortages. The renewed tensions are fueled by Karnataka's proposed Mekedatu dam project, which Tamil Nadu vehemently opposes for threatening its downstream water availability. Despite directives from the Cauvery Water Management Authority ordering daily water releases, political and farmer protests in Karnataka led to the cancellation of planned high-level talks. With water allocations strictly governed by historical tribunals and Supreme Court rulings, both states may soon return to judicial intervention as the standoff deepens.