Image:Meta

Image:Meta

TOPICS COVERED

  • സോഷ്യല്‍മീഡിയയില്‍ പ്രധാനമന്ത്രിയുടെ വ്യാജ എഐ വിഡിയോകള്‍ പ്രചരിച്ച സംഭവത്തില്‍ മെറ്റ ഇന്ത്യ തലവനെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഐ നിര്‍മിത വ്യാജ വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച കേസില്‍ മെറ്റ ഇന്ത്യ തലവനെതിരെ ഹൈദരാബാദ് സൈബര്‍ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. മെറ്റ ഇന്ത്യ തലവന്‍ അരുണ്‍ ശ്രീനിവാസിനും നിരവധി ഉപയോക്താക്കള്‍ക്കുമെതിരെ ആണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് അന്വേഷണം നടക്കുന്നത്. 

ഡല്‍ഹി ജന്തര്‍ മന്തറില്‍ സിജെപിയുടെ നേതൃത്വത്തില്‍ സമരം നടന്ന സമയത്താണ് പ്രധാനമന്ത്രിക്കെതിരെ വ്യാജവിഡിയോകള്‍ ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലൂടെയും  വ്യാപകമായി പ്രചരിച്ചത്. ഇവയെല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നടപടി. നേരത്തേ പ്രധാനമന്ത്രിയുടെ വിഡിയോ നീക്കം ചെയ്തതിലുള്‍പ്പെടെ കേന്ദ്രം മെറ്റയോട് വിശദീകരണം ചോദിച്ചിരുന്നു. എഐ വ്യാജ പരസ്യങ്ങളും കൃത്രിമ ഉള്ളടക്കങ്ങളും കണ്ടെത്തി നീക്കം ചെയ്യാന്‍ ഉതകുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടായിരുന്നു മെറ്റ മേധാവികളെ വിളിച്ചുവരുത്തിയിരുന്നത്. തുടര്‍ന്ന് കമ്പനിയുടെ പ്രതിനിധി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി മെറ്റയുടെ ഉള്ളടക്ക നിയന്ത്രണ നടപടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മെറ്റ ഇന്ത്യ മേധാവിക്കെതിരായ പൊലീസ് നീക്കം. 

അതിനിടെ മോദിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ഒരു സ്ത്രീക്കെതിരെയും പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നോയിഡ സ്വദേശിയായ രുചിക സിങ്ങിനെതിരെയാണ് കേസെടുത്തത്. ജൂലൈ 23-ന് നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചെന്നും പൊതുസമാധാനം തകർക്കാനും വിദ്വേഷം വളർത്താനും ശ്രമിച്ചെന്നുമാണ് പരാതി. അതേസമയം തന്നെ മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയ കേസില്‍ മേക്കപ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ കേരളത്തിലും കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.  

Hyderabad Cyber Police Book Meta India Country Head Arun Srinivas Over PM Narendra Modi's Fake AI Videos:

The Hyderabad Cyber Police registered an FIR against Meta India head Arun Srinivas and several social media users for circulating AI-generated fake videos of Prime Minister Narendra Modi.The legal action is being conducted under various sections of the Bharatiya Nyaya Sanhita (BNS) and the Information Technology (IT) Act to curb misleading digital content.